ജനീവ: കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.
ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്‌പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ജൂണ്‍ 27 - ജൂലൈ 3 വരെയുള്ള കാലയളവില്‍ ലോകവ്യാപകമായി 4.6 മില്യണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ജൂലൈ 3 വരെ ആകെ 546 ദശലക്ഷംപേര്‍ക്ക് കോവിഡ് വന്നിട്ടുണ്ട്. 63 ലക്ഷം പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മഹാമാരിയുടെ ഭീതി ഒഴിഞ്ഞുവെന്ന് പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന ഇന്‍സിഡന്റ് മാനേജര്‍ അബ്ദി മെഹ്മൂദ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അബ്ദി മെഹ്മൂദ് ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates