നിതിന്‍ നബീനും നരേന്ദ്രമോദിയും പിടിഐ
India

'കേരളത്തിലെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചു; കോണ്‍ഗ്രസിനെ നാശത്തിലെത്തിച്ച ദുശ്ശീലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം; ഇനി എന്റെ ബോസ് നിതിന്‍'

'അദ്ദേഹത്തിന്റെ ഓരോ വാക്കും നമുക്ക് പുതിയ ദിശാബോധം നല്‍കും. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശം നമ്മുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വിലമതിക്കാനാവാത്ത സ്വത്തായിരിക്കും'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടര്‍മാര്‍ ബിജെപിക്ക് അവസരം നല്‍കുമെന്ന് കരുതുന്നതായി പ്രധാനമന്തി നരേന്ദ്ര മോദി. ബിജെപിയുടെ പുതിയ പ്രസിഡന്റായി നിതിന്‍ നബീന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. തിരുവനന്തപുരം കോര്‍പറേഷനില്‍ 45 വര്‍ഷം നീണ്ട ഇടതുഭരണം അവസാനിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് ഇതിനു മുന്നോടിയായിട്ടാണെന്നും മോദി പറഞ്ഞു. 45കാരനായ നബീന്റെ നേതൃത്വം പാര്‍ട്ടിക്ക് വലിയ പ്രയോജനം ചെയ്യുമെന്നും മോദി പറഞ്ഞു. 'അദ്ദേഹത്തിന്റെ ഓരോ വാക്കും നമുക്ക് പുതിയ ദിശാബോധം നല്‍കും. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശം നമ്മുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വിലമതിക്കാനാവാത്ത സ്വത്തായിരിക്കും' മോദി പറഞ്ഞു.

'ബിജെപിയില്‍ വര്‍ധിച്ചുവരുന്ന പൊതുജന വിശ്വാസത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് കേരളത്തിലെയും മഹാരാഷ്ട്രയിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തീര്‍ച്ചയായും ബിജെപിക്ക് അവസരം നല്‍കും. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി ഒന്നാം നമ്പര്‍ പാര്‍ട്ടിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തില്‍ ബിജെപിക്ക് ഇപ്പോള്‍ നൂറോളം കൗണ്‍സിലര്‍മാരുണ്ട്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് 45 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ചു. മേയര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ചു. ഭരണത്തില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ വിജയത്തിനു കാരണം. സ്വാതന്ത്ര്യത്തിനുശേഷം, രാജ്യം വ്യത്യസ്തമായ ഭരണ മാതൃകകള്‍ കണ്ടു. കോണ്‍ഗ്രസിന്റെ രാജവംശ രാഷ്ട്രീയ മാതൃക, ഇടതുപക്ഷ മാതൃക, പ്രാദേശിക പാര്‍ട്ടികളുടെ മാതൃക, അസ്ഥിരമായ സര്‍ക്കാരുകളുടെ യുഗം. എന്നാല്‍ ഇന്ന് രാജ്യം ബിജെപിയുടെ സ്ഥിരതയാര്‍ന്ന ഭരണത്തിന് സാക്ഷ്യം വഹിക്കുന്നു. അധികാരത്തെ ആനന്ദത്തിനുള്ള ഒരു മാര്‍ഗമായല്ല, മറിച്ച് സേവനത്തിനുള്ള ഒരു മാധ്യമമാക്കി ഞങ്ങള്‍ മാറ്റിയിരിക്കുന്നു'- മോദി പറഞ്ഞു.

'രാജ്യത്തിന് മുന്നിലുള്ള വളരെ പ്രധാനപ്പെട്ട വെല്ലുവിളി നുഴഞ്ഞുകയറ്റക്കാരുടേതാണ്. ലോകത്ത് ആരും അവരുടെ രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരെ സ്വീകരിക്കുന്നില്ല, ഇന്ത്യയിലെ യുവാക്കളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വളരെ ഗുരുതരമായ ഭീഷണിയാണ്. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയില്‍ നിന്ന് അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കും. അര്‍ബന്‍ നക്‌സലുകളും കുടുംബ വാഴ്ചയും നാടിന് ഗുണകരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

'പാര്‍ട്ടി കാര്യങ്ങള്‍ വരുമ്പോള്‍ നിതിന്‍ നബിന്‍ ജി... ഞാന്‍ ഒരു പ്രവര്‍ത്തകനാണ്, നിങ്ങളാണ് എന്റെ ബോസ്,' മോദി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ നയിക്കുക എന്നതിലുപരി എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയില്‍ ഏകോപനം ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം കൂടി പുതിയ അധ്യക്ഷനുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുട്ടിക്കാലത്ത് റേഡിയോയില്‍ വാര്‍ത്തകള്‍ കേട്ടു വളരുകയും ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ പ്രാവീണ്യം നേടുകയും ചെയ്ത ഒരു തലമുറയുടെ പ്രതിനിധിയാണ് പുതിയ അധ്യക്ഷനെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ വിമര്‍ശിച്ച അദ്ദേഹം, ആ പാര്‍ട്ടി വരുത്തിയ തെറ്റുകളില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അവ ആവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടു. 1984-ല്‍ 400-ലധികം സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇന്ന് 100 തികയ്ക്കാന്‍ പാടുപെടുകയാണെന്നും, ആ പാര്‍ട്ടിയെ നാശത്തിന്റെ വക്കിലെത്തിച്ച ദുശ്ശീലങ്ങളില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാല നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി, എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പാര്‍ട്ടിയെ പൂജ്യത്തില്‍ നിന്ന് ഉന്നതിയിലെത്തിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. എം വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, അമിത് ഷാ, ജെപി നഡ്ഡ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി കൈവരിച്ച വളര്‍ച്ചയെയും അദ്ദേഹം പ്രശംസിച്ചു. 'ബിജെപിയില്‍ അധ്യക്ഷന്മാര്‍ മാറും, പക്ഷേ ആദര്‍ശങ്ങള്‍ മാറില്ല. നേതൃത്വം മാറും, പക്ഷേ ദിശ മാറില്ല. കുടുംബവാഴ്ചയുടെയും അസ്ഥിരതയുടെയും മോഡലുകള്‍ രാജ്യം കണ്ടു കഴിഞ്ഞു. ഇന്ന് രാജ്യം കാണുന്നത് ബിജെപിയുടെ സുസ്ഥിരവും സംവേദനക്ഷമവുമായ വികസന മാതൃകയാണ്,' പ്രധാനമന്ത്രി പറഞ്ഞു.

Nitin Nabin my boss in party matters: PM Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 വര്‍ഷത്തെ തടസ്സങ്ങള്‍ തീര്‍ത്തു; സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ഗുരുവായൂർ ദേവസ്വം നിയമനം: റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് 55കാരൻ മരിച്ചു

SCROLL FOR NEXT