പട്‌ന: ബിഹാറില്‍ മന്ത്രിസഭ വികസനത്തില്‍ ജെഡിയുവിനുള്ളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ മാറിനിന്നത് എന്നാണ് റിപ്പോര്‍ട്ട്.
മാറിനിന്ന അഞ്ച് എംഎല്‍എമാരും ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 31 അംഗ മന്ത്രിസഭയില്‍ 11 അംഗങ്ങളാണ് ജെഡിയുവില്‍ നിന്നുള്ളത്. 16പേര്‍ ആര്‍ജെഡിയില്‍ നിന്നാണ്. കോണ്‍ഗ്രസിന് രണ്ടും ഹിന്ദുസ്ഥാന് അവാമി മോര്‍ച്ചയ്ക്ക് ഒന്നും ഒരു സ്വതന്ത്രനും മന്ത്രിസഭയിലുണ്ട്. ഇടത് പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗമായില്ല.
ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപും മന്ത്രിസഭയിലെത്തിയിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നുളളവര്‍ക്കാണ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം. എന്‍ഡിഎ സര്‍ക്കാരില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് അഞ്ച് ആയി. മന്ത്രിമാരില്‍ പട്ടികജാതിക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്. കോണ്‍ഗ്രസ് ഇത്തവണ ദലിത് വിഭാഗത്തില്‍ നിന്നും മുസ്ലിം വിഭാഗത്തില്‍ നിന്നും ഉള്ളവരെയാണ് മന്ത്രിമാരാക്കിയത്.
ഈ മാസം പത്തിനാണ് നിതീഷും തേജസ്വിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
മഹാസഖ്യത്തില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നിതീഷിന്റെ ജെഡിയുവിന് 45 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 19,സിപിഐ എംഎല്ലിന് 12, സിപിഎമ്മിനും സിപിഐക്കും രണ്ട് വീതം എംഎല്‍എമാരാണുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്; പുറത്തിറങ്ങിയ പ്രതികള്‍ക്ക് മധുരം നല്കി, കാലുതൊട്ട് തൊഴുത് സ്വീകരണം (വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates