ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്; പുറത്തിറങ്ങിയ പ്രതികള്‍ക്ക് മധുരം നല്‍കി, കാലുതൊട്ട് തൊഴുത് സ്വീകരണം (വീഡിയോ)

ഇവരെ മധുരം നല്‍കി സ്വീകരിക്കുന്നതിന്റെയും കാലു തൊട്ടുവന്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു
വീഡിയോ സക്രീന്‍ഷോട്ട്
വീഡിയോ സക്രീന്‍ഷോട്ട്

അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പ്രതികളെ മധുരം നല്‍കി സ്വീകരിച്ച് ബന്ധുക്കള്‍. ഗുജറാത്ത്‌ കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരാണ് ജയില്‍ മോചിതരായത്. ഇവരെ മധുരം നല്‍കി സ്വീകരിക്കുന്നതിന്റെയും കാലു തൊട്ടുവന്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് ഇവര്‍ ജയില്‍ മോചിതരായത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ബില്‍ക്കിസിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍ പറഞ്ഞു. 'ഇതിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല. കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുക മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ മകള്‍ ഉള്‍പ്പെടെ സംഭവത്തില്‍ കൊല്ലപ്പെട്ടവരെ ഞങ്ങള്‍ എല്ലാ ദിവസവും ഓര്‍ക്കുന്നു'-അദ്ദേഹം പറഞ്ഞു. 

2002 മാര്‍ച്ചില്‍ ഗോധ്ര കലാപത്തിന് ശേഷമുണ്ടായ ആക്രമണത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ വധിക്കുകയും ചെയ്തത്. കുടുംബത്തിലെ മറ്റ് ആറ് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് 2004ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് സുപ്രീം കോടതി കേസ് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു. 

2008ലാണ് മുബൈ സിബിഐ കോടതി 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടബലാത്സഗവും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെ കൊന്നതുമുള്‍പ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അതിനാല്‍ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പഞ്ച്മഹല്‍ കലക്ടര്‍ സുജല്‍ മയാത്ര അധ്യക്ഷനായി സമിതി രൂപീകരിച്ച് ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി തീരുമാനിക്കുകയും നിര്‍ദേശം സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് ഇവര്‍ മോചിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com