ഫയൽ ചിത്രം 
India

ഒഡീഷയും ബിഹാറും വാറ്റ് നികുതി കുറച്ചു; തീരുവ കുറയ്ക്കുന്ന ആദ്യ എൻഡിഎ ഇതര സംസ്ഥാനമായി ഒഡീഷ

ബീഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സർക്കാരും വാറ്റ് നികുതി കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ, ബിഹാറും ഒഡീഷയും എക്സൈസ് തീരുവ കുറച്ചു. പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതമാണ് കുറച്ചത്. ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കുന്ന ആദ്യ എൻഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. പുതിയ വില വെള്ളിയാഴ്ച അർധരാത്രി മുതൽ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. 

ഇന്ധന വിലയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസകരമാകും എന്നതു കണക്കിലെടുത്താണ് വാറ്റ് നികുതി കുറയ്ക്കാൻ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും കുറവ് ഇന്ധനവിലയാണ് ഒഡീഷയിലുള്ളതെന്നും ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

ബീഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സർക്കാരും വാറ്റ് നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 3 രൂപ 20 പൈസയും ഡീസൽ ലിറ്ററിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറച്ചു

നേരത്തെ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് നികുതി കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഇളവിന് പുറമേ വാറ്റ് നികുതിയിലും കുറവ് വരുത്തിയത്. 

കര്‍ണാടക, അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് നികുതി കുറച്ചത്. കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപക്കും ഡീസല്‍ 81.50 രൂപക്കും ലഭിക്കും. 

അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത് സര്‍ക്കാരുകളും വാറ്റ് വികുതി ഏഴു രൂപ കുറച്ചു. ഉത്തര്‍പ്രദേശ് 12 രൂപയും ഉത്തരാഖണ്ഡ് രണ്ടു രൂപയും കുറച്ചു. ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ്  ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. 

റെക്കോർഡ് വർധനവിനു ശേഷം വില കുറച്ചു

ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT