Year Ender 2025 
India

Year Ender 2025|ബിജെപി പിടിച്ചു; പാകിസ്ഥാന്‍ വിറച്ചു; ഇന്ത്യ 2025

2025 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ വിജയങ്ങളും അതോടൊപ്പം വലിയ വെല്ലുവിളികളും നിറഞ്ഞ ഒന്നായിരുന്നു

സമകാലിക മലയാളം ഡെസ്ക്

2025 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ വിജയങ്ങളും അതോടൊപ്പം വലിയ വെല്ലുവിളികളും നിറഞ്ഞ വര്‍ഷമായിരുന്നു. രാഷ്ട്രീയ മാറ്റങ്ങള്‍ക്കും മനസ്സാക്ഷി മരവിച്ച ഭീകരാക്രമണങ്ങള്‍ക്കും രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞ് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതും വോട്ട് ചോരി ആരോപണം ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രക്ഷോഭവും ഈ വര്‍ഷം ഏറെ ചര്‍ച്ചയായി

ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം

ബിഹാര്‍ തെരഞ്ഞെടുപ്പ്

സ്വപ്‌നതുല്യമായ ഭരണത്തുടര്‍ച്ചായാണ് ബിഹാര്‍ ജനത നീതിഷ് കുമാറിന് നല്‍കിയത്. പത്താംതവണയാണ് നീതീഷ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 243 അംഗ നിയമസഭയില്‍ 202 സീറ്റുമായി എന്‍ഡിഎ ചരിത്രവിജയം നേടി. ഇന്ത്യ സഖ്യത്തിന് 35 സീറ്റു മാത്രമാണ് ലഭിച്ചത്. എന്‍ഡിഎയില്‍ 89 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. ജെഡിയു 85 സീറ്റുകളം ആര്‍ജെഡി 25 സീറ്റും നേടി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലാലുവിന്റെ കുടുംബത്തിലെ തമ്മിലടിയെ തുടര്‍ന്ന് രോഹിണി ആചാര്യ ഉള്‍പ്പെടെ നാല് മക്കള്‍ രാഷ്ട്രീയം വിട്ട് വീട് ഉപേക്ഷിച്ചുപോകന്ന സാഹചര്യം ഉണ്ടായി.

ഡൽഹി പാർട്ടി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെപി നഡ്ഡയും

ഡല്‍ഹി തെരഞ്ഞെടുപ്പ്

ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ആം ആദ്മിയെ നിലം തൊടുവിക്കാതെയാണ് ബിജെപി ഡല്‍ഹി ഭരണം പിടിച്ചെടുത്തത്. 27 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ അധികാരത്തിലേക്കു തിരിച്ചെത്തിയ ബിജെപി 47 സീറ്റുകളുമായി വന്‍ വിജയമാണു കൈവരിച്ചത്. തകര്‍ച്ചയ്ക്കു പിന്നാലെ എഎപിക്കു കനത്ത പ്രഹരമായി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ മുന്‍നിരനേതാക്കള്‍ തോറ്റു. കെജരിവാളിനെയും എഎപിയെയും ഉന്നമിട്ട് മാസങ്ങളായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ആപ്പിന്റെ പതനത്തിനു വഴിയൊരുക്കിയത്. മോദി മാജിക്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നേടിയെടുത്ത വന്‍വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ആവര്‍ത്തിച്ചു. സുഷമാ സ്വരാജിന് ശേഷം ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്ന ബിജെപി വനിതാ മുഖ്യമന്ത്രി കൂടിയായി രേഖാ ഗുപ്ത. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയ രേഖാ ഗുപ്തമാണ് നിലവില്‍ രാജ്യത്തെ ഏക ബിജെപി വനിതാ മുഖ്യമന്ത്രി.

ഡല്‍ഹിയും ബിഹാറും നേടിയതിന് പിന്നാലെ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബംഗാളില്‍ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 77 സീറ്റുകളും 38 ശതമാനം വോട്ടുമാണ് ബംഗാളില്‍ നേടിയത്. തൃണമൂലിന്റെ വോട്ട് വിഹിതം 48 ശതമാനമാണ്. അതായത് 10 ശതമാനം വോട്ടുകളുടെ വ്യത്യാസം. മികച്ച മുന്നേറ്റം നടത്തിയാല്‍ ബംഗാളില്‍ ഭരണമാറ്റം സംഭവിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 294 അംഗ നിയമസഭയില്‍ 224 ആണ് തൃണമൂലിന്റെ അംഗബലം. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും മികച്ച മുന്നേറ്റം ഉണ്ടാക്കാനാകമെന്ന് ബിജെപി കണക്കൂകൂട്ടുന്നു.

Pahalgam attack

പഹല്‍ഗാം ഭീകരാക്രമണം

2025 ഏപ്രില്‍ 22നായിരുന്നു രാജ്യത്തെ നടുക്കി കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. പുല്‍വാമയ്ക്ക് ശേഷം രാജ്യകണ്ട ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായി ഇത്. പഹല്‍ഗാമിലെ ബൈസരനില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മലയാളിയായ ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രനും ഉള്‍പ്പെടുന്നു. രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്. പാക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്തു.

Operation Sindoor

ഓപ്പറേഷന്‍ സിന്ദൂര്‍

ലോകമാകെ ശ്രദ്ധിച്ച നിര്‍ണായക സൈനിക നീക്കമായിരുന്നു പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് മറുപടിയായി പാക് മണ്ണില്‍ നടത്തിയ പ്രത്യാക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി ഒന്‍പത് ഇടത്ത് ഇന്ത്യന്‍ സേന മിസൈലാക്രമണം നടത്തി ഭീകരാകേന്ദ്രങ്ങള്‍ ഒന്നാകെ തകര്‍ത്തു 2025 മേയ് 7 പുലര്‍ച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായാണ്, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേരിട്ട ദൗത്യം നടത്തിയത്. മൂന്നാം ദിവസം പാക് അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായത്. ഭീകരതയ്‌ക്കെതിരായി ഇന്ത്യ നടത്തിയ പോരാട്ടങ്ങള്‍ ലോകരാജ്യങ്ങളുടെ പ്രശംസയ്ക്ക് പാത്രമായി. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങളെ അയയ്ക്കുകയും ചെയ്തു. പാകിസ്ഥാന് ചിന്തിക്കാന്‍ പോലും കഴിയാത്ത തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യം നല്‍കിയത്.

ഡല്‍ഹി ഭീകരാക്രമണം

നവംബര്‍ പതിനൊന്നിന് വൈകീട്ട് 6.25നായിരുന്നു ഡല്‍ഹി ചെങ്കോട്ടയ്ക്ക് മുന്നില്‍ ഉഗ്ര കാര്‍ സ്‌ഫോടനം ഉണ്ടായത്. പതിനഞ്ച് പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്‌ഫോടനം. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം

Delhi car blast

കുംഭമേള

ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള. 45 ദിവസം നീണ്ട കുംഭമേളയില്‍ സ്‌നാനം ചെയ്യാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്തേക്ക് ഒഴുകിയെത്തി. ജനുവരി 13ന് മകര സംക്രാന്തി ദിനത്തിലാണ് കുംഭമേളക്ക് തുടക്കമായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 66 കോടിയിലധികം ഭക്തരാണ് പങ്കെടുത്തത്. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കാറ്. എന്നാല്‍ 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് മഹാ കുംഭമേള. മഹാകുംഭമേളക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ ഒരുക്കങ്ങളും ശ്രദ്ധേയമായിരുന്നു. പതിനായിരത്തോളം ഏക്കര്‍ ഒരു പൂര്‍ണ്ണനഗരം പോലെ ഒരുക്കി കുംഭനഗരിയാക്കി പ്രത്യേക ജില്ലാ പദവിയും നല്‍കിയാണ് തീര്‍ഥാടകരെ വരവേറ്റത്. അതിനിടെ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മുപ്പതിലേറെ പേര്‍ മരിക്കുന്ന സാഹചര്യവും ഉണ്ടായി.

Maha Kumbh Mela 2025

അഹമ്മദാബാദ് വിമാനപകടം

രാജ്യം കണ്ട ഏറ്റവും വലിയ വിമാനപകടങ്ങളില്‍ ഒന്നായ അഹമ്മദാബാദ് വിമാനദുരന്തം 2025 ജൂണ്‍ 12നായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 7878 ഡ്രീംലൈനര്‍ യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 242 പേരുമായി പറന്നുയുര്‍ന്ന വിമാനം തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണു കത്തുകയായിരുന്നു. പറന്നുയര്‍ന്ന് 32 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നത്. അപകടത്തില്‍ നാട്ടുകാര്‍ ഉള്‍പ്പടെ 270 പേര്‍ കൊല്ലപ്പെട്ടു. യാത്രക്കാരനായ ഒരാള്‍ മാത്രമാണു അത്ഭുതകരമായി രക്ഷപ്പെട്ടത്.

Ahmedabad air crash

ഓര്‍മയായ രാഷ്ട്രീയ പ്രമുഖര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന് പ്രമുഖ നേതാക്കളെ കൂടി നഷ്ടമായ വര്‍ഷമാണ് 2025. ഷിബു സോറന്‍, ശിവരാജ് സിങ് പാട്ടില്‍, വിജയ് രൂപാണി, സത്യപാല്‍ മാലിക്, ബാബ സിദ്ധിഖ്, രവി നായിക്, വിജയ്കുമാര്‍ മല്‍ഹോത്ര.. തുടങ്ങിയ നിരവധി പേരാണ് ഓര്‍മയായത്.

Shibu Soren

ദേശീയ രാഷ്ട്രീയത്തിലും ഝാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും സവിശേഷ സാന്നിധ്യമായിരുന്നു ജെഎംഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഷിബു സോറന്‍. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എട്ടു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗമായിരുന്നു

vijay rupani

ഈ വര്‍ഷം അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിലായിരുന്നു ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് ആര്‍ രൂപാണി അന്തരിച്ചത്. ലണ്ടനിലുള്ള ബാര്യയെയും മകളെയും കാണാന്‍ പോകുകയാരുന്നു അദ്ദേഹം. 1996 മുതല്‍ 97 വരെ രാജ്‌കോട്ട് മേയറായി. 2006 ല്‍ ഗുജറാത്ത് ടൂറിസം ചെയര്‍മാനായി നിയമിതനായി. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ല്‍ ആനന്ദിബെന്‍ പട്ടേലിന്റെ മന്ത്രിസഭയില്‍ ജലം, ഗതാഗതം, തൊഴില്‍, എന്നീ വകുപ്പുകളുടെ മന്ത്രിയായി. അതിനുശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്റായി. 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദ്രനീല്‍ രാജ്യഗുരുവിനെ പരാജയപ്പെടുത്തി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലം നിലനിര്‍ത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നു. 2021 സെപ്റ്റംബര്‍ 11 ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു.

Shivraj Patil

ഈ വര്‍ഷം ഡിസംബര്‍ 12നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ വിടപറഞ്ഞത്. 1980ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴു തവണ ലോക്‌സഭാംഗമായിരുന്നു. 1980 മുതല്‍ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1996 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. 2010 മുതല്‍ 2015വരെ പഞ്ചാബ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. 2004 മുതല്‍ 2008വരെ ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശിവരാജ് പാട്ടീല്‍ രാജിവച്ചിരുന്നു.

Pahalgam attack to Red Fort blast, operation sindoor and major happenings of 2025 in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിയെ അറിയില്ല'; മണിയുടെയും സംഘത്തിന്റെയും മൊഴിയില്‍ ദുരൂഹതയെന്ന് എസ്‌ഐടി; ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസ് പ്രതി

ഗുരുവായൂർ ഇടത്തരികത്തു കാവിൽ ഭഗവതിയ്ക്ക് താലപ്പൊലി: തിങ്കളാഴ്ച ക്ഷേത്ര നട നേരത്തെ അടയ്ക്കും

അങ്കണവാടികള്‍ മുതല്‍ ഐടി പാര്‍ക്ക് വരെ വ്യായാമ സൗകര്യം, പുതുതായി എത്തുന്നത് 10 ലക്ഷം പേര്‍; സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി വൈബ് ഫോര്‍ വെല്‍നസ്

മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചു; തമിഴ്നാട് സർക്കാരിന് തിരിച്ചടി

ജപ്പാനെ മറികടന്ന് ഇന്ത്യ, ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥ; അടുത്ത ലക്ഷ്യം ജര്‍മ്മനി

SCROLL FOR NEXT