ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സി (ഐഎസ്‌ഐ) ന്റെ കീഴില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. 'എസ്1' എന്ന പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നതെന്നും 1993-ലെ മുംബൈ സ്‌ഫോടനം മുതല്‍ പഹല്‍ഗാം ആക്രമണം വരെ ഈ യൂണിറ്റിന്റെ പങ്കാളിത്തത്തോടെയാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സബ് വേര്‍ഷന്‍ 1' എന്നതിന്റെ ചുരുക്കെഴുത്താണ് 'എസ് 1' എന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ പിന്നിലെ ഏറ്റവും വലിയ പ്രേകശക്തി ഈ യൂണിറ്റാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ കേണല്‍ ആണ് എസ് 1-ന് നേതൃത്വം നല്‍കുന്നത്. രണ്ട് റാങ്കിങ് ഓഫീസര്‍മാര്‍ എസ്1 പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഗാസി1, ഗാസി2 എന്നിങ്ങനെയാണ് ഈ രണ്ട് ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. എസ്1 -ന്റെ ആസ്ഥാനം ഇസ്ലാമാബാദാണ്. മയക്കുമരുന്ന് വ്യാപാരമാണ് ഭൂരിഭാഗം ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും സാമ്പത്തികസ്രോതസ്സെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏത് തരത്തിലുള്ള ബോംബുകളും സ്‌ഫോടകവസ്തുക്കളും അതിവിദഗ്ധമായി നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണ് എസ് 1 ലെ ഉദ്യോഗസ്ഥരും പരിശീലകരും. ചെറു ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതിസമര്‍ത്ഥരുമാണ്. ഇന്ത്യയുടെ മിക്കയിടങ്ങളിലേയും ഭൂപടങ്ങളും വിശദവിവരങ്ങളും ഈ യൂണിറ്റിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 25 വര്‍ഷമായി എസ് 1 യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നെന്നാണ് വിവരം. എന്നാല്‍ അടുത്തിടെ മാത്രമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഈ യൂണിറ്റിന്റെ വ്യാപ്തിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates