ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണ്‍ 12ന് അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് എയര്‍ ഇന്ത്യ ഡ്രീംലൈനറിന്റെ ചീഫ് പൈലറ്റിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൈലറ്റിന്റെ 91 വയസുള്ള പിതാവിന് ഒരു തരത്തിലുള്ള മാനസികപ്രയാസവും സൃഷ്ടിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.
''പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പൈലറ്റിനെതിരെ ഒരു സൂചനയും ഇല്ല'', ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'നിര്‍ഭാഗ്യകരമായ' വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.
മരിച്ച പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് സഭര്‍വാളിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും (ഡിജിസിഎ) നോട്ടീസ് അയച്ചു.
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബര്‍വാളും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സും സുപ്രീംകോടതിയെ സമീപിച്ചത്. '' ഒന്നാമതായി, അതൊരു നിര്‍ഭാഗ്യകരമായ വിമാനാപകടമായിരുന്നു, രണ്ടാമതായി, നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങള്‍ സ്വയം വഹിക്കരുത്. വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ല. അതൊരു അപകടമായിരുന്നു'', പുഷ്‌കരാജ് സബര്‍വാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനോട് ബെഞ്ച് പറഞ്ഞു.
വിമാനാപകടത്തിലേക്ക് നയിച്ച പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് യുഎസ് പ്രസിദ്ധീകരണമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ഒരു വാര്‍ത്താ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചതെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. 'ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വേണ്ടി മാത്രം നടത്തിയ ഒരു മോശം റിപ്പോര്‍ട്ടിംഗ് ആയിരുന്നു അത്.
വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഞങ്ങളെ അലട്ടുന്നില്ല. രാജ്യത്ത് ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ല, ശങ്കരനാരായണന്‍ പറഞ്ഞു. 'എന്റെ മകന്‍ ആക്രമിക്കപ്പെട്ടതില്‍ ഞാന്‍ ദുഃഖിതനാണെന്നും പിതാവ് പറഞ്ഞു. വിദേശ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഹര്‍ജിക്കാരന് അസ്വസ്ഥതയുണ്ടെങ്കില്‍ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
'നിങ്ങളുടെ ഉത്കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷേ പൊതുജന ധാരണയും വസ്തുതാപരമായ നിലപാടും തമ്മില്‍ വ്യക്തമായ പൊരുത്തക്കേടുണ്ട്, ജസ്റ്റിസ് ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
ജൂലൈ 12 ന് പുറത്തിറക്കിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിന്റെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ നിന്ന് ഒരു ഖണ്ഡിക ജഡ്ജിമാര്‍ വായിച്ചു, പൈലറ്റിനെ കുറ്റപ്പെടുത്തണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അത് അദ്ദേഹവും സഹപൈലറ്റും തമ്മിലുള്ള സംഭാഷണത്തെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ എന്നും അവര്‍ പറഞ്ഞു. 'കോക്ക്പിറ്റ് റെക്കോര്‍ഡറിനെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമേയുള്ളൂ, ഒരു പൈലറ്റ് ഇന്ധനം വിച്ഛേദിച്ചോ എന്ന് ചോദിച്ചു, മറ്റേ പൈലറ്റ് ഇല്ല എന്ന് പറഞ്ഞു. ആ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് സൂചനയില്ല. അവരുടെ മേല്‍ കുറ്റം ചുമത്തുന്ന പ്രശ്‌നമില്ല,' ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ആഗോളതലത്തില്‍ ബോയിങ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന നിരന്തരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അഹമ്മദാബാദ് അപകടത്തെ ആ വിശാലമായ സാഹചര്യത്തില്‍ കാണണമെന്നും ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. ഏകദേശം 142 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ് നമ്മള്‍, അവരില്‍ ആരും കുറ്റം പൈലറ്റിലേക്ക് പോകണമെന്ന് വിശ്വസിക്കുന്നില്ല. ദുരന്തത്തിന്റെ കാരണം എന്തുതന്നെയായാലും, അത് പൈലറ്റുമാരുടെയല്ല. ഈ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും ദുരന്തത്തിന് ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് സ്വതന്ത്ര അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.
അപകടത്തെക്കുറിച്ച് 'ന്യായവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് പുഷ്‌കരാജ് സബര്‍വാള്‍ ആവശ്യപ്പെട്ടു. തന്റെ മകന് 30 വര്‍ഷത്തിലേറെ നീണ്ടുനിന്ന കളങ്കമില്ലാത്ത കരിയര്‍ ഉണ്ടായിരുന്നു. ബോയിംഗ് 787-8 വിമാനത്തില്‍ 8,596 മണിക്കൂര്‍ ഉള്‍പ്പെടെ 15,638 മണിക്കൂര്‍ അപകടരഹിതമായി പറത്തി. ഒരു വീഴ്ചയോ മരണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും് അദ്ദേഹം പറഞ്ഞു.ഒക്ടോബര്‍ 10 ന് എപി & ജെ ചേംബറുകള്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡിജിസിഎ, എഎഐബി എന്നിവര്‍ പ്രതികളാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന, സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപകടത്തിന്റെ കൃത്യമായ കാരണം തിരിച്ചറിയാതെയുള്ള അപൂര്‍ണ്ണവും മുന്‍വിധിയോടെയുള്ളതുമായ അന്വേഷണം ഭാവിയിലെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയും വ്യോമയാന സുരക്ഷയെ പൊതുവെ ദുര്‍ബലപ്പെടുത്തുകയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates