കോയമ്പത്തൂര്‍: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകാനൊരുങ്ങുന്ന സഞ്ചാരികള്‍ക്ക് ഇ- പാസ് നിര്‍ബന്ധം. ഹില്‍ സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. വേനലവധിക്കാലത്ത് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹന ബാഹുല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രവൃത്തി ദിനങ്ങളില്‍ പ്രതിദിനം 6000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശനം. വാരാന്ത്യത്തില്‍ 8000 വാഹനങള്‍ക്ക് വരെ കടന്നുചെല്ലാം. ഇന്നലെയാണ് ഹില്‍സ്റ്റേഷുകളിലേക്ക് സഞ്ചാരികള്‍ വരുന്നത് നിയന്ത്രിക്കുന്നതിനായി ഇ-പാസ് നിര്‍ബന്ധമാക്കിയത്. ഊട്ടി, കൊടക്കനാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://epass.tnega.org/ എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്.
അതേസമയം ഇ- പാസ് നിര്‍ബന്ധമാക്കിയ അധികൃതരുടെ നടപടിയില്‍ വ്യാപാരികള്‍ കട അടച്ച് പ്രതിഷേധിച്ചു. ഊട്ടിയിലാണ് വ്യാപാരികള്‍ കട അടച്ച് പ്രതിഷേധിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓട്ടോകളും ടൂറിസ്റ്റ് ടാക്‌സികളും ഇന്ന് നിരത്തില്‍ ഓടിയില്ല.ഹോട്ടലുകള്‍ അടച്ചിട്ടതിനാല്‍ ഹോട്ടല്‍ മുറികളും ഭക്ഷണവും ലഭിക്കാതെ വിനോദസഞ്ചാരികള്‍ വലഞ്ഞു. നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), കോട്ടഗിരി, ഗൂഡലൂര്‍, പന്തലൂര്‍ എന്നിവിടങ്ങളിലെ കടകളാണ് അടച്ചിട്ടത്. ഇ-പാസ് സംവിധാനം പിന്‍വലിക്കണമെന്ന് കടയുടമകളും ടൂറിസ്റ്റ്, ടാക്‌സി ഓപ്പറേറ്റര്‍മാരും ആവശ്യപ്പെട്ടു. ഇത് അവരുടെ ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുന്നുന്നതായും ആരോപിച്ചു.
പുതിയ ഉത്തരവ് പ്രകാരം, സ്വകാര്യ വാഹനങ്ങളില്‍ ജില്ല സന്ദര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കി ഇ- പാസ് നേടേണ്ടതുണ്ട്. വേനല്‍ക്കാലത്ത് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വര്‍ദ്ധിച്ചുവരുന്ന വാഹന തിരക്ക് പരിശോധിക്കാന്‍ തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാലില്‍ (ദിണ്ടിഗല്‍ ജില്ല) ഇ-പാസ് സംവിധാനം നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ അല്ലെങ്കില്‍ മറ്റ് അടിയന്തര സാഹചര്യങ്ങള്‍, സര്‍ക്കാര്‍ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, നീലഗിരി ജില്ലാ വാഹനങ്ങള്‍ എന്നിവ ഇ-പാസ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കൂടാതെ പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates