കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്യും. നാവികസേനയുടെ ചരിത്രത്തിലെ വലിയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രതിരോധരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന നീണ്ടക്കാലത്തെ സ്വപ്‌നത്തിന് ഇത് കൂടുതല്‍ കരുത്തുപകരുമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ, തദ്ദേശീയമായി വിമാനവാഹിനി കപ്പലിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നടത്തുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഇത് സഹായകമാകുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
വിക്രാന്ത് വരുന്നതോടെ, സര്‍വീസിലുള്ള വിമാനവാഹിനി കപ്പലുകളുടെ എണ്ണം രണ്ടാകും. ഐഎന്‍എസ് വിക്രമാദിത്യയാണ് രണ്ടാമത്തേത്.2005ല്‍ ആണ് പ്ലേറ്റ് കട്ടിങ്ങ് ജോലികളിലൂടെ കപ്പലിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. നീണ്ട 17 വര്‍ഷങ്ങളാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ കപ്പല്‍ നിര്‍മ്മാണ ജോലികള്‍ നടന്നത്. 2013ലാണ് ആദ്യമായി നീറ്റിലിറക്കുന്നത്. ഡിആര്‍ഡിഒയുടെയും നാവികസേനയുടെയും സഹകരണത്തോടെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് കപ്പലിന് ആവശ്യമായ ഉരുക്ക് ലഭ്യമാക്കിയത്.
2021 ആഗസ്റ്റില്‍ സമുദ്ര പരീക്ഷണങ്ങള്‍ ആരംഭിച്ചു. 4 -ാം ഘട്ട സമുദ്ര പരീക്ഷണങ്ങളും വിജയിച്ച വിക്രാന്തിനെ 2022 ജൂലൈയിലാണ് നാവികസേനയ്ക്ക് കൈമാറിയത്.262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയവുമാണ് വിക്രാന്തിനുള്ളത്. ഭാരം 43000 ടണ്‍. 28 നോട്ടിക്കല്‍ മൈലാണ് വേഗത. 2200 കംപാര്‍ട്ട്‌മെന്റുകളുള്ള കപ്പലില്‍ ഒരേസമയം 1600 ക്രൂ അംഗങ്ങള്‍ക്ക്് കഴിയാന്‍ സാധിക്കുന്ന സൗകര്യമാണ് ഒരുക്കിയത്. വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക കാബിനുകള്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനുമായി മൂന്ന് വലിയ റണ്‍വേകളുണ്ട്. മിഗ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 30 എയര്‍ക്രാഫ്റ്റുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും വിമാനങ്ങളും ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനവും വിക്രാന്തിനുള്ളിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates