ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. കേസില്‍ ആണ്‍മക്കളായ മോഹന്‍രാജ്(26), ഹരിഹരന്‍(27) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടില്‍വെച്ച് ഗണേശന് പാമ്പ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടര്‍ന്ന് അപകടമരണമായി പൊലീസ് കേസെടുക്കുകയുംചെയ്തു. എന്നാല്‍, ഗണേശന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ക്ലെയിം നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.
ഗണേശന്റെ പേരില്‍ ഉയര്‍ന്ന തുകയുടെ ഒട്ടേറെ പോളിസികള്‍ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്. മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇന്‍ഷുറന്‍സ് അധികൃതര്‍ക്ക് സംശയംതോന്നി. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്നാട് നോര്‍ത്ത് ഐജിക്ക് പരാതി നല്‍കി. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.
കൊലപാതകത്തിന് മുന്‍പായി പ്രതികള്‍ അച്ഛന്റെ പേരില്‍ മൂന്നുകോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നു. ഇതിനുശേഷമാണ് അച്ഛനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനുള്ള ശ്രമം ആരംഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചില സഹായികള്‍ വഴി വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു. ഗണേശന്‍ പാമ്പ് കടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് പ്രതികള്‍ ആദ്യ കൊലപാതകശ്രമം നടത്തിയത്. മൂര്‍ഖനെ ഉപയോഗിച്ച് പിതാവിന്റെ കാലില്‍ കടിപ്പിച്ചെങ്കിലും മാരകമായി വിഷമേല്‍ക്കാത്തതിനാല്‍ കൊലപാതകശ്രമം പാളിപ്പോയി. തുടര്‍ന്ന് ഗണേശനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു.
ആദ്യശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പിനെയാണ് ഇത്തവണ പ്രതികള്‍ എത്തിച്ചത്. തുടര്‍ന്ന് സംഭവദിവസം പുലര്‍ച്ചെ അച്ഛന്‍ ഉറങ്ങുന്നതിനിടെ പാമ്പിനെക്കൊണ്ട് കഴുത്തില്‍ കടിപ്പിച്ചു. പിന്നീട് ഈ പാമ്പിനെ പ്രതികള്‍ തന്നെ അടിച്ചുകൊന്നു. അതേസമയം, പാമ്പ് കടിയേറ്റിട്ടും ഏറെ വൈകിയാണ് ഗണേശനെ മക്കള്‍ ആശുപത്രിയിലെത്തിച്ചതെന്നത് കൂടുതല്‍ സംശയത്തിനിടയാക്കി. സംഭവത്തില്‍ ഗണേശന്റെ രണ്ട് മക്കള്‍ക്ക് പുറമേ ഇവര്‍ക്ക് സഹായം നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates