ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ച രണ്ട് ഭീകരവാദ മൊഡ്യൂളുകള്‍ തകര്‍ത്തതായി പഞ്ചാബ് പൊലീസ്. ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം ഭീകരസംഘത്തില്‍പ്പെട്ട ഒമ്പതുപേര്‍ പൊലീസിന്റെ പിടിയിലായി. ഇവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അടക്കം സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ പ്രതിഷേധ സമരം നടത്തുന്നതിനിടെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. എന്നാല്‍ ഡല്‍ഹിയിലെ കനത്ത സുരക്ഷ കാരണം പദ്ധതി നടപ്പാക്കാനാകാതെ സംഘം മടങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഐഎസ്‌ഐ ഇടനിലക്കാര്‍ ശ്രമിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമൃത്സര്‍ പൊലീസ് രണ്ട് ഭീകര മൊഡ്യൂളുകളാണ് തകര്‍ത്തത്. 9 പേരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും മൂന്നു പിസ്റ്റളുകള്‍, നാല് പെട്രോള്‍ ബോംബുകള്‍, 9 കാട്രിഡ്ജുകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഡിജിപി അറിയിച്ചു.
ഒരു മൊഡ്യൂള്‍ രാജസന്‍സായി മേഖലയില്‍ നിന്നാണ് പിടിയിലായത്. സുഖ്മാന്‍ സിങ്, മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളികള്‍ എന്നിവര്‍ കസ്റ്റഡിയിലായി. ഈ സംഘത്തെയാണ് ജന്തര്‍ മന്തറില്‍ ആക്രമണം നടത്താന്‍ നിയോഗിച്ചിരുന്നത്. സിജെപി പ്രതിഷേധത്തിനിടെ സ്‌ഫോടനം നടത്താനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചത്. ഇതനുസരിച്ച് തങ്ങള്‍ ഡല്‍ഹിയിലേക്ക് പോയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഘത്തിനെയാണ് ആക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ നിയോഗിച്ചിരുന്നത്.
എന്നാല്‍ ജന്തര്‍ മന്തറിലെ സുരക്ഷാസന്നാഹമാണ് പ്ലാന്‍ നടപ്പാക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്ന് സുഖ്മാന്‍ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പാകിസ്ഥാനി ഗുണ്ടാനേതാവും ഭീകരനുമായ ഷെഹ്‌സാദ് ഭാട്ടിയാണ് പഞ്ചാബിലെ മൊഡ്യൂളിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊല്‍ക്കത്ത എസ്ടിഎഫ് പിടികൂടിയ സംഘവും ജന്തര്‍ മന്തറിലേക്ക് വരാന്‍ പദ്ധതിയിട്ടിയുരുന്നു. ആറിലധികം വാട്ട്സ്ആപ്പ് നമ്പറുകള്‍ വഴി ഇവര്‍ ഷെഹ്‌സാദ് ഭാട്ടിയുടെ ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates