ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കുമെതിരെ പ്രക്ഷോഭരംഗത്തുള്ള വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ഭരണകൂടം ഭീഷണിപ്പെടുത്താനും അടിച്ചമർത്താനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്റെ ഭാഗമായ 15 വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ച് നിർബന്ധിച്ച് മാപ്പുപറയിച്ച സംഭവം അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ തകർന്നതും ഉപയോഗശൂന്യവുമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്ത വിദ്യാർഥികൾ ഭരണഘടനയെയും രാജ്യത്തിന്റെ മൂല്യങ്ങളെയുമാണ് സംരക്ഷിച്ചതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകതകളിലും പരാതിപ്പെടുന്നത് കുറ്റകൃത്യമല്ല. ഈ സമ്പ്രദായം മാറ്റിയെഴുതേണ്ടതുണ്ട്. അത് മാത്രമാണ് ആ കുട്ടികളും ആവശ്യപ്പെട്ടത്. അവർ അക്രമം കാട്ടിയിട്ടില്ല, ക്രൂരമായി പെരുമാറിയിട്ടില്ല. എന്നിട്ടും അവരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്," രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം അധികാരികൾ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. വിദ്യാർഥികളുടെ വീടുകളിലേക്ക് ആളുകളെ അയക്കുകയും 15 വയസ്സുള്ള പെൺകുട്ടിയെക്കൊണ്ട് ബലമായി മാപ്പുപറയിച്ച് അത് സ്വീകരിക്കുകയും ചെയ്ത നടപടി ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ആക്രമിക്കാത്ത കുട്ടികൾക്ക് നേരെയാണ് പോലീസ് ലത്തിച്ചാർജ്ജും ഉപദ്രവവും അഴിച്ചുവിട്ടത്. നിങ്ങൾ ആരോടും മാപ്പുപറയേണ്ട യാതൊരു സാഹചര്യവുമില്ല. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല - വിദ്യാർഥികളോട് രാഹുൽ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന പരീക്ഷ ചോർച്ചകളിൽ സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്താൽ സ്തംഭിച്ചിരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രതികരണം. രാജ്യത്തിന് കൃത്യമായി പ്രവർത്തിക്കുന്ന വിശ്വസനീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ആവശ്യമെന്നും പരീക്ഷാ ചോർച്ചകൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates