Rahul Gandhi addresses the INDIA bloc's 'Chalo Dilli' protest rally Photo | PTI
India

'വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍

പ്രതിപക്ഷ നേതാവ് വിദേശ ശക്തികളുടെ ടൂള്‍കിറ്റെന്ന് ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: രാജ്യത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ വിദേശ സഹായ ആരോപണങ്ങളെച്ചൊല്ലി രൂക്ഷമായ വാക്‌പോര്. പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദേശ സഹായത്തോടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയതെന്നും ആ സ്ഥാനത്ത് തുടരുന്നതെന്നും ആരോപിച്ച രാഹുല്‍ ഗാന്ധി, വിഷയത്തില്‍ പരസ്യ സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.

പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് എക്‌സിലെ കുറിപ്പില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 'മിസ്റ്റർ മോദി, ഈ രാജ്യത്തോടു കള്ളം പറയുന്നത് നിര്‍ത്തൂ. വിദേശ സഹായം കൊണ്ടാണ് താങ്കള്‍ പ്രധാനമന്ത്രിയായത്. വിദേശ സഹായം കൊണ്ടുതന്നെയാണ് ആ പദവിയില്‍ തുടരുന്നതും. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ്. വിദേശ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നുണ്ട്. ഏതു വേദിയിലും ഏതു സമയത്തും ഇതിനെക്കുറിച്ച് പരസ്യ സംവാദത്തിന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ വരൂ. താങ്കളെക്കുറിച്ചുള്ള എന്റെ അറിവില്‍ ഭയമുള്ളതിനാല്‍ താങ്കള്‍ അതിന് മുതിരില്ല' -രാഹുല്‍ കുറിച്ചു.

ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുകയാണെന്നും കള്ളം പ്രചരിപ്പിച്ച് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചത്. പ്രതിപക്ഷം 'വിരോധ് പക്ഷം' (പ്രതിപക്ഷ ബ്ലോക്ക്) എന്നതിന് പകരം 'അവരോധ് പക്ഷം' (തടസ്സപ്പെടുത്തുന്ന ബ്ലോക്ക്) ആയി മാറി. പ്രതിപക്ഷ നേതാക്കള്‍ വിദേശത്ത് രഹസ്യമായി ആരെയാണ് കാണുന്നതെന്ന് ചോദിച്ച മോദി, ശത്രുക്കളുടെ ഭാഷയാണ് അവര്‍ സംസാരിക്കുന്നതെന്നും പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശ ശക്തികളുടെ 'ടൂള്‍കിറ്റ്' ആയി രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ 'വോട്ട് കവര്‍ച്ച' പ്രചാരണത്തിനെതിരെ കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവേയാണ് ബിജെപി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. അയല്‍രാജ്യമായ നേപ്പാളിലും മറ്റും അസ്വസ്ഥതകള്‍ സൃഷ്ടിച്ച വിദേശ ശക്തികളുടെ ഏജന്റായി രാഹുല്‍ മാറിയെന്ന് അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും, കേരളത്തിലും തമിഴ്നാട്ടിലും പ്രതിപക്ഷം ജയിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. റാലിയില്‍ പങ്കെടുത്ത ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി, എസ്ഐആറിനെ കുടിയേറ്റത്തിനെതിരെയുള്ള പോരാട്ടമായി വിശേഷിപ്പിച്ചു. രാജ്യദ്രോഹ ശക്തികളെയും അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Rahul Gandhi Challenges PM Modi to Open Debate over Foreign Help Allegations; BJP Hits Back Calling Him 'Toolkit'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സര്‍വകലാശാല പ്രതിഷേധം: 12 പേരെ തിരിച്ചെടുക്കും, നിബന്ധന മുന്നോട്ടു വെച്ച് സിന്‍ഡിക്കേറ്റ്; 'നാലുപേർ പുറത്തു തന്നെ'

'ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ'

2 സെഞ്ച്വറി കൂട്ടുകെട്ടുകള്‍; കേരളത്തിനെതിരെ ഗുജറാത്തിന് മുന്‍തൂക്കം

സിപിഎമ്മിന്റെ ക്ലാസ് ആവശ്യമില്ല, സംഘപരിവാറിനു വേണ്ടി പണിയെടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം: റോജി എം ജോണ്‍

'തട്ടിക്കൊണ്ടു പോകുന്നത് കൂടിയാൽ രാമായണത്തെ കുറ്റം പറയുമോ ?'; രാം ​ഗോപാൽ വർമയ്ക്ക് വിമർശനം