

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി പരാജയപ്പെട്ട ഉത്പന്നമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരില്‍ ആവേശം ജ്വലിപ്പിക്കുന്നുണ്ട്. അത് മനസിലാക്കിയ ബിജെപിയുടെ വെപ്രാളമാണ് മോദിയുടെ ആക്ഷേപത്തിലൂടെ വ്യക്തമാകുന്നത്. രാഹുല്‍ഗാന്ധിയില്‍ ബിജെപി ശ്രദ്ധയൂന്നുന്നതു കൊണ്ടാണ് അദ്ദേഹത്തെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി യുവ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. അതാണ് ബിജെപിയുടെ അങ്കലാപ്പ്. അവര്‍ രാഹുലിനെ ശ്രദ്ധിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ ഇത്തരത്തില്‍ മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയിക്കുന്നു. പ്രതിഷേധത്തിന്റെ മുഖമായ രാഹുല്‍ ഗാന്ധിയുടെ ആവേശം തല്ലിക്കെടുത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസെന്ന് കേള്‍ക്കുമ്പോഴേ മോദിക്ക് ഇപ്പോള്‍ വിറളിയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എംപിയും പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ലോഞ്ച് ചെയ്യാന്‍ കോണ്‍ഗ്രസ് പല തവണ, പലവിധത്തില്‍ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. രാഹുല്‍ പരാജയപ്പെട്ട ഉത്പന്നമാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നില്ലെന്നും, സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പോലും ഇത്രയും പരാജയ ലോഞ്ചുകള്‍ ഉണ്ടാകില്ലെന്നും മോദി പരിഹസിച്ചിരുന്നു.
നവംബര്‍ ഒന്നിലെ റാലി മുതല്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. അതേസമയം, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അരാജകത്വം പടര്‍ത്തുന്നുവെന്ന പ്രചാരണം ശക്തമാക്കി ജനവികാരം തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നെഹ്‌റു-ഗാന്ധി കുടുംബം കോണ്‍ഗ്രസിനു പോലും ബാധ്യതയായി മാറിയെന്നും ബിജെപി ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates