സി സദാനന്ദന്‍, അനൂപ് ആന്റണി, ധര്‍മേന്ദ്ര പ്രധാന്‍ 
India

സി സദാനന്ദന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്? ധര്‍മേന്ദ്ര പ്രധാന്‍ പുറത്താകുമോ? അനൂപ് ആന്റണിക്കും സാധ്യത, രണ്ടാഴ്ചയ്ക്കകം അഴിച്ചുപണിയെന്ന് റിപ്പോര്‍ട്ട്

രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും മന്ത്രിസഭയ്ക്ക് പുറത്താകുമെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്ന് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്നും അഞ്ചുപേര്‍ പുറത്താകുമെന്നുമാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നും അഭ്യൂഹമുണ്ട്. നീറ്റ് യുജി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശും മണിപ്പൂരുമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രം നിര്‍ണായക നീക്കത്തിനൊരുങ്ങുന്നത്. 2029ല്‍ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കമായും മന്ത്രിസഭ പുനഃസംഘടനയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും മന്ത്രിസഭയ്ക്ക് പുറത്താകുമെന്നാണ് വിവരം. ഇതില്‍ പ്രധാനപ്പെട്ട ഒരാള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്റെ ചുമതല നല്‍കും. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയുടെ ചുമതലയാകും മുതിര്‍ന്ന നേതാവിന് നല്‍കുക. 2028ല്‍ നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം തിരികെ പിടിക്കുകയെന്നതാണ് ലക്ഷ്യം.

കേരളത്തില്‍ നിന്ന് നിലവില്‍ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതില്‍ സുരേഷ് ഗോപി തുടരുമെന്നാണ് സൂചന. ജോര്‍ജ് കുര്യന്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജോര്‍ജ് കുര്യന്‍. കാലാവധി അവസാനിക്കിരിക്കെ വീണ്ടും ബിജെപി പരിഗണിക്കുമോ എന്ന് വ്യക്തമായിട്ടില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള യുവനേതാവ് അനൂപ് ആൻറണി മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധവും അനൂപിന് അനുകൂല ഘടകമാണ്.

എന്നാൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സി സദാനന്ദനാണ് കേരളത്തിൽ നിന്നും പരിഗണനയിലുള്ളവരുടെ മുൻ നിരയിലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നൽകുന്ന സൂചന. രാജ്യസഭയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി പുകഴ്ത്തിയുള്ള അംഗമാണ് സി സദാനന്ദന്‍. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത് എത്തിയ അംഗമാണെങ്കിലും, മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. 2025 ജൂലൈയിലാണ് സദാനന്ദന്‍ രാജ്യസഭയിലെത്തിയത്. സിപിഎമ്മിൻറെ അക്രമ രാഷ്ട്രീയത്തിൻറെ ജീവിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ സദാനന്ദനെ ഉയര്‍ത്തിക്കാട്ടുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലാണ് രാജ്യസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായത്. ഇതേ ചിന്തയാണ് പ്രധാനമന്ത്രിയും അമിത് ഷാ അടക്കമുള്ള നേതാക്കളും ഇപ്പോഴും പുലര്‍ത്തിവരുന്നത്.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായ കോക്‌റോച്ച് ജനതാ പാര്‍ട്ടി ഉള്‍പ്പെടെ പ്രധാന്റെ രാജി ആവശ്യപ്പെട്ടിരുന്നു. യുവാക്കളുടെ വികാരം സര്‍ക്കാരിനെതിരെ തിരിയുന്ന സാഹചര്യം മന്ത്രിസഭ പുനഃസംഘടനയില്‍ ചര്‍ച്ചയായേക്കും. സംഘടനാ തലത്തിലും ബിജെപി അഴിച്ചുപണിക്ക് ഒരുങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഭാരിമാരുടെ കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. കേരളത്തിന്റെ ചുമതലയില്‍ ഏറെ നാളായുള്ള പ്രകാശ് ജാവദേക്കര്‍ മാറിയേക്കും. ഇതുസംബന്ധിച്ച തീരുമാനം വരുംനാളുകളില്‍ പ്രതീക്ഷിക്കാം.

Reshuffle in Union Cabinet soon; portfolios of 12 ministers will change and 5 will be replaced - Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം;വിവാദം, പേരാവൂരിലെ ജയത്തിന് പിന്നിലെ 'ബ്രെയിനെന്ന്' അനുകൂലികള്‍

'കഴി‍ഞ്ഞ 13 കൊല്ലമായി ആശയുടെ ഭർത്താവുദ്യോ​ഗം വഹിക്കുന്നയാളാണ് ഞാൻ'; വിവാഹനിശ്ചയ വേദിയെ പൊട്ടിച്ചിരിപ്പിച്ച് നടൻ സിദ്ദിഖ്

ബജാജിന്റെ സര്‍പ്രൈസ്; അവഞ്ചര്‍ 220 സ്ട്രീറ്റ് വീണ്ടും വിപണിയില്‍, വില 1.30 ലക്ഷം രൂപ, ഫീച്ചറുകള്‍

നെഞ്ചുവേദന; ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍

'തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല'; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ? 'തൂക്കി' ആരാധകര്‍

SCROLL FOR NEXT