ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കുന്നതിനായി 'മറക്കപ്പെടാനുള്ള അവകാശം' അഥവാ 'റൈറ്റ് ടു ബി ഫോര്‍ഗോട്ടണ്‍' ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി. കേസുകളില്‍ വെറുതെവിട്ടവരുടേയോ കുറ്റപത്രം റദ്ദാക്കപ്പെട്ടവരുടെയോ സ്വകാര്യ സ്വഭാവമുള്ള തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടവരുടെയോ പേരുകള്‍ ഉപയോഗിച്ച് കോടതിവിധികളും വാര്‍ത്തകളും എളുപ്പത്തില്‍ കണ്ടെത്താനാകുന്ന രീതിയിലുള്ള തിരച്ചില്‍ സംവിധാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിന്‍ ഓപ്പറേറ്റര്‍മാരോട് കോടതി.
വിധിന്യായങ്ങള്‍, ഉത്തരവുകള്‍ അല്ലെങ്കില്‍ വാര്‍ത്താ ലേഖനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേര് അടിസ്ഥാനമാക്കിയുള്ള നെറ്റിലെ പരിശോധനകളിൽ വിവരങ്ങള്‍ വരുന്നത് നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. 144 പേജുകളുള്ള വിധിയില്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളും ഇന്ത്യന്‍ കാനൂണ്‍ പോലുള്ള നിയമ ഡാറ്റാബേസ് പ്ലാറ്റ്‌ഫോമുകളും വ്യക്തികളുടെ പേരിനെ അടിസ്ഥാനമാക്കി കോടതി രേഖകള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയുടെ അവകാശത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
കുറ്റവിമുക്തരായ വ്യക്തികളുടെ പേരുകള്‍ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ പഴയ കേസുകളുടെ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്നത് അവരുടെ സാമൂഹിക ജീവിതത്തെയും തൊഴില്‍ അവസരങ്ങളെയും വ്യക്തിപരമായ മാന്യതയെയും ദീര്‍ഘകാലമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിജിറ്റല്‍ യുഗത്തില്‍ വിവരങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നതിനാല്‍, വ്യക്തിക്ക് തന്റെ പഴയ നിയമപ്രശ്‌നങ്ങളില്‍ നിന്ന് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കണമെന്നും കോടതി നിരീക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates