ബംഗളൂരു: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വന്തം തട്ടകമായ ഗുര്‍മിത്കല്‍ ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി. യാദ്ഗിര്‍ ജില്ലാ ഭരണകൂടമാണ് റൂട്ട്മാര്‍ച്ചിന് നിബന്ധനകളോടെ അനുമതി നല്‍കിയത്. വെള്ളിയാഴ്ചയാണ് ഗുര്‍മിത്കല്‍ ടൗണില്‍ റൂട്ട് മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എട്ട് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗുര്‍മിത്കല്‍.
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഗുര്‍മിത്കല്‍ ടൗണില്‍ റൂട്ട് മാര്‍ച്ചിന് അനുമതി തേടിയത്. റൂട്ട് മാര്‍ച്ച് കടന്നു പോകുന്ന പാതയുടെ സുരക്ഷാ ക്രമീകരണങ്ങളുടെയും വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് നടപടി.
റൂട്ട് മാര്‍ച്ച് കടുന്നുപോകുന്ന പാതയില്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടായാല്‍ മുഴുവന്‍ ചെലവും സംഘാടകര്‍ വഹിക്കണം. സമാധാനത്തിനും സാമുദായിക ഐക്യത്തിനും കോട്ടം സംഭവിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ പാടില്ല, മാര്‍ച്ചിന്റെ ഭാഗമായി ഗതാഗതം തടയരുത്, കടകള്‍ അടപ്പിക്കരുത്, മാരകായുധങ്ങള്‍, തോക്കുകള്‍ എന്നിവ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ജില്ലാ ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്. റൂട്ട് മാര്‍ച്ചില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ദണ്ഡ് ഉപയോഗിക്കാന്‍ അനുവാദമുണ്ടോ എന്ന് വ്യക്തമല്ല.
ഗുര്‍മിത്കല്ലില്‍ റൂട്ട് മാര്‍ച്ച് നടത്താനുള്ള ആര്‍എസ്എസ് നീക്കം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. പലവിധത്തിലുള്ള തടസങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ ഇടപെടല്‍ ആയിരുന്നു ഇതില്‍ പ്രധാനം. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു. കത്തിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ സ്വത്തുക്കളില്‍ ഏതെങ്കിലും വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനകള്‍ അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കര്‍ണാടക മന്ത്രിസഭയുടെ തീരുമാനം ഉണ്ടായത്. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തതിന് കുറച്ച് സര്‍ക്കാര്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates