ന്യൂഡല്‍ഹി: വിവാദ വഖഫ് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ വീണ്ടും സുപ്രീംകോടതിയില്‍. നിയമത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കുന്നതായും കെട്ടിടങ്ങള്‍ തകര്‍ക്കുന്നതായും സമസ്ത നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
വഖഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല. വഖഫ് ഭൂമികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിടിച്ചെടുക്കുന്നു. ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ തകര്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ബൈറൂച്ച്, സിദ്ധാര്‍ഥ് നഗര്‍, ഹൈദരാബാദ് എന്നിവിടങ്ങളാണ് വിവാദ വഖഫ് നിയമത്തിന്റെ മറവില്‍ ഭൂമികള്‍ പിടിച്ചെടുക്കുന്നതെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ കഴിഞ്ഞ ഏപ്രിലില്‍ പരിഗണിച്ച സുപ്രീംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് മേയ് അഞ്ച് വരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യുകയോ കേന്ദ്ര വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും നിയമനങ്ങള്‍ നടത്തുകയോ ചെയ്യില്ലെന്നും ഏപ്രില്‍ 17ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കി.
ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ്് മൗലാന അര്‍ഷദ് മദനി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എഐഎംഐഎം എം പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എംഎല്‍എ അമാനത്തുല്ലാ ഖാന്‍, എപിസിആര്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍ജെഡി എം പി മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. അതേസമയം, വഖഫ് ഇസ്‌ലാം മതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന നിലപാടാണ് കേസിന്റെ വിചാരണവേളയില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates