കാഠ്മണ്ഡു: വടക്കൻ നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭീകരമായ മിന്നൽ പ്രളയത്തെയും കെടുതികളെയും കുറിച്ച് ഒന്നുമറിയാതെ കാഠ്മണ്ഡുവിൽ എത്തിയ അനുഭവം പങ്കിട്ട് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. തലസ്ഥാന നഗരിയിൽ വിമാനമിറങ്ങിയ ശേഷമാണ് മലനിരകളിൽ വിതയ്ക്കപ്പെട്ട വൻ നാശത്തെക്കുറിച്ചും മനുഷ്യജീവനുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും താൻ വിവരമറിഞ്ഞതെന്ന് തരൂർ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
"മലനിരകളിൽ ഇത്രയും വലിയൊരു നാശനഷ്ടമുണ്ടാക്കിയ സംഭവവികാസങ്ങളെക്കുറിച്ച് പൂർണ്ണമായും അറിയാതെയാണ് ഞാൻ ഇന്നലെ കാഠ്മണ്ഡുവിലേക്ക് വിമാനം കയറിയത്"— തരൂർ എക്സിൽ കുറിച്ചു. കാഠ്മണ്ഡുവിൽ എത്തിയപ്പോഴാണ് 160 പേർ മരണപ്പെട്ടതായും രണ്ടായിരത്തിലധികം പേരെ കാണാതായതായും സ്ഥിരീകരിച്ച വിവരങ്ങൾ താൻ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള രസുവ ജില്ലയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിൽ ഭോട്ടെ കോശി, തൃശൂലി നദികളിലൂടെയാണ് വൻ നാശം വിതച്ചത്. ആഗോളതാപനമോ അല്ലെങ്കിൽ തിബറ്റിലുണ്ടായ ഭൂകമ്പമോ കാരണം കൂറ്റൻ ഹിമാനി പൊട്ടി താഴെയുള്ള താഴ്‌വരയിലേക്ക് ഇരച്ചെത്തിയതാണ് ഈ പ്രളയത്തിന് കാരണമായതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നതെന്നും തരൂർ വിവരിച്ചു.
കുതിച്ചൊഴുകിയെത്തിയ മലവെള്ളപ്പാച്ചിലിൽ 19 പ്രധാന പാലങ്ങൾ തകരുകയും, ബെത്രവതി-രസുവഗഡി ദേശീയപാതയുടെ 40 കിലോമീറ്ററോളം റോഡ് ഒലിച്ചുപോവുകയും ചെയ്തു. കൂടാതെ മേഖലയിൽ പ്രവർത്തിച്ചിരുന്ന എട്ട് ജലവൈദ്യുത പദ്ധതികൾക്ക് കനത്ത നാശനഷ്ടമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തത്തിൽപ്പെട്ട് വീടില്ലാതായ നേപ്പാളിന് ഇന്ത്യ അടിയന്തരമായി പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി തരൂർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നേപ്പാളിന് ലഭിക്കാവുന്ന എല്ലാവിധ സഹായങ്ങളും എത്തിക്കേണ്ടതുണ്ട്.
ദുരന്തത്തിൽ അകപ്പെട്ടുപോയ ഇന്ത്യൻ വിനോദസഞ്ചാരികളെക്കുറിച്ചും കൈലാസ്-മാനസസരോവർ യാത്രയിലായിരുന്ന നൂറോളം തീർത്ഥാടകരെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. കാണാതായ എല്ലാവരെയും എത്രയും വേഗം ജീവനോടെ കണ്ടെത്താനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും തരൂർ കൂട്ടിച്ചേർത്തു. മൂന്ന് ജില്ലകളിലായി ഉണ്ടായ പ്രളയത്തിൽ മുന്നൂറോളം ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നാണ് നേപ്പാൾ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates