ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയതിനെത്തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന തനിക്കെതിരെയുള്ള ആരോപണം തള്ളി ആക്ടിവിസ്റ്റ് സോനം വാങ്ചുക്. തന്റെ സത്യസന്ധത തെളിയിക്കാന്‍ 26 ദിവസത്തെ കഠിനമായ നിരാഹാരം പോരെയെന്ന് അദ്ദേഹം വൈകാരികമായാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെ വാങ്ചുക് വ്യക്തമാക്കിയത്.
ഈ ആരോപണങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഃഖിതനാണെന്ന് വീഡിയോ സന്ദേശത്തിലൂടെ വാങ്ചുക് വ്യക്തമാക്കി. ഡല്‍ഹിയിലെ കടുത്ത ചൂടില്‍ 26 ദിവസം പട്ടിണി കിടന്നത് ഒരു ഇടപാടിന് വേണ്ടിയാണോ എന്ന് അദ്ദേഹം ചോദിച്ചു. തന്റെ സ്വഭാവത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് വിമര്‍ശകരല്ലെന്നും, തന്റെ പ്രവൃത്തികള്‍ തന്നെയാണ് തന്റെ സത്യസന്ധതയ്ക്കുള്ള തെളിവെന്നും അദ്ദേഹം പറഞ്ഞു. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ വീഡിയോ പൂര്‍ണ്ണമായും കണ്ടതിന് ശേഷം മാത്രം നിഗമനങ്ങളില്‍ എത്താന്‍ അദ്ദേഹം ആളുകളോട് അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദാണ് വാങ്ചുകിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 'അണ്ണാ ഹസാരെ പാര്‍ട്ട് 2' എന്നാണ് സോനംവാങ്ചുകിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സര്‍ക്കാരുമായി വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി വാങ്ചുക് ധാരണയിലെത്തിയെന്ന് ആരോപിച്ചു. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വിദ്യാര്‍ത്ഥികള്‍ ആരും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. വാങ്ചുക് ഇത്രയും കാലം നിശബ്ദനായിരുന്നെന്നും ഇപ്പോള്‍ സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും പാര്‍ലമെന്റില്‍ തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച അനുവദിക്കുമെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates