ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി, അമൃത്സര്‍, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ജിപിഎസ് സ്പൂഫിങ് നടന്നത്. എന്നാല്‍ ഇവയൊന്നും വ്യോമഗതാഗതത്തെ ബാധിച്ചില്ലെന്നും റാം മോഹന്‍ നായിഡു രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വ്യാപ്തിയും അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപി എസ് നിരഞ്ജന്‍ റെഡ്ഡിയാണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
വ്യോമമേഖലയിലെ ജിഎന്‍എസ്എസ് ഇടപെടലും ജിപിഎസ് സ്പൂഫിങ്ങും വിമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും റാം മോഹന്‍ നായിഡു പറഞ്ഞു. കൂടാതെ, ജിഎന്‍എസ്എസ് ഇടപെടലിന്റെയും സ്പൂഫിങ്ങിന്റെയും ഉറവിടം കണ്ടെത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വയര്‍ലെസ് മോണിറ്ററിങ് ഓര്‍ഗനൈസേഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ലാന്‍ഡിങ് നടപടിക്രമങ്ങള്‍ പാലിക്കുന്നതിനിടെയാണ് ചില വിമാനങ്ങള്‍ ജിപിഎസ് സ്പൂഫിങ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ജിപിഎസ് സ്പൂഫിങ്ങിന് വിധേയമായ വിമാനങ്ങള്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ ലാന്‍ഡ് ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
2023 നവംബര്‍ മുതല്‍ ജിപിഎസ് ജാമിംഗ്/സ്പൂഫിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിജിസിഎ ഉത്തരവിട്ടതിന് ശേഷം, രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ നിന്നും പതിവായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് ജിഎന്‍എസ്എസ് ഇടപെടല്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈബര്‍ സുരക്ഷാ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഐടി നെറ്റ്വര്‍ക്കുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിപുലമായ സൈബര്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നായിഡു ചൂണ്ടിക്കാട്ടി. നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ (എന്‍സിഐഐപിസി), ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) എന്നിവയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍, ഡ്രോണ്‍, കാര്‍, കപ്പല്‍ എന്നിവയില്‍ അതിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം തെറ്റായ ലൊക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ ജിപിഎസ് സിഗ്‌നലുകള്‍ വ്യാജമായി നിര്‍മ്മിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന പ്രവര്‍ത്തനമാണ് ജിപിഎസ് സ്പൂഫിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates