Sonia Gandhi Memoir Belonging 2004 PM Post Decision 
India

പ്രധാനമന്ത്രി പദത്തിൽ നിന്നുള്ള പിന്മാറ്റം; ചരിത്രപരമായ ആ തീരുമാനത്തിന് പിന്നിലെ വികാരങ്ങൾ തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

'ഒരിക്കലുമില്ല' എന്ന ഉറച്ച നിലപാടിൽ നിന്ന് സഖ്യകക്ഷികളുടെ സമ്മർദ്ദത്തിന് വഴിപ്പെട്ട് 'ശരി' എന്ന് പറയേണ്ടി വന്ന നിമിഷം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: 21-ാം നൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകവും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു 2004-ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിന്മാറിയത്. വർഷങ്ങളായി അഭ്യൂഹങ്ങളും രാഷ്ട്രീയ ചർച്ചകളിലും നിറഞ്ഞു നിൽക്കുന്ന ഈ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ എന്തൊക്കെയായിരുന്നു? തന്റെ പുതിയ ആത്മകഥയായ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലൂടെ സോണിയ ഗാന്ധി ആദ്യമായി ആ വെളിപ്പെടുത്തലുകൾ നടത്തുകയാണ്.

ആദ്യഘട്ടം: "ഒരിക്കലുമില്ല!" - മക്കളുമായുള്ള ചർച്ചകൾ

2004-ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ താൻ പ്രധാനമന്ത്രിയാകുമോ എന്നതിനെക്കുറിച്ച് സോണിയ ഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചർച്ച ചെയ്തിരുന്നു. അക്കാര്യം സോണിയ ഓർമിക്കുന്നത് ഇങ്ങനെയാണ്: തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ ആ പദവി ഏറ്റെടുക്കുമോ എന്ന് മക്കളിൽ ഒരാൾ തന്നോട് നേരെ ചോദിച്ചു. "ഒരിക്കലുമില്ല!" എന്ന് താൻ ഏതാണ്ട് ദേഷ്യത്തോടെയാണ് മറുപടി നൽകിയത്. "തീർച്ചയാണോ?" എന്ന് അവർ വീണ്ടും ചോദിച്ചു. "എനിക്ക് കാര്യങ്ങൾ വളരെ വ്യക്തമാണ്," എന്ന് താൻ ഉറച്ച മറുപടി നൽകിയതായും സോണിയ പുസ്തകത്തിൽ പറയുന്നു.

മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടെയും പിതാവായ രാജീവ് ഗാന്ധിയുടെയും ക്രൂരമായ വിയോഗത്തിന്റെയും കൊലപാതകത്തിന്റെയും ആഘാതങ്ങൾ നേരിട്ടറിഞ്ഞ് വളർന്നവരാണ് രാഹുലും പ്രിയങ്കയും. അതുകൊണ്ടുതന്നെ ആ ഉന്നത പദവി ഏറ്റെടുക്കുന്നത് വലിയ സുരക്ഷാ ഭീഷണികൾക്ക് ഇടയാക്കുമെന്ന് അവർ വിശ്വസിച്ചു. അമ്മ ആ പദവി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയപ്പോൾ അവരുടെ മുഖത്ത് വലിയൊരു ആശ്വാസം പ്രകടമായിരുന്നു. ആദ്യമായി ആ കാര്യം തുറന്നു പറഞ്ഞപ്പോൾ തനിക്കും മനസ്സിന് വല്ലാത്തൊരു ഭാരക്കുറവ് അനുഭവപ്പെട്ടതായി സോണിയ കുറിക്കുന്നു.

Congress leader Sonia Gandhi, Rahul Gandhi, and Priyanka Gandhi Vadra

മാനസിക സംഘർഷങ്ങൾ: "ഒരു നിമിഷം എനിക്ക് വ്യക്തതയുണ്ടായിരുന്നു, അടുത്ത നിമിഷം ഞാൻ തകർന്നുപോയി"

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞു. മുന്നണി അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ സോണിയ ഗാന്ധിക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നം ഉയർന്നുവന്നു. തന്റെ മുൻഗാമികളായ ഭർത്താവ് രാജീവ് ഗാന്ധിയും അരുമയായ അമ്മായിയമ്മ ഇന്ദിരാഗാന്ധിയും രാജ്യത്തിനായി ചെയ്ത കാര്യങ്ങളും അവർ പ്രതീക്ഷിച്ചതുമായ കാര്യങ്ങളും സോണിയയുടെ ഓർമ്മകളിൽ വന്നുനിന്നു.

"വർഷങ്ങൾക്ക് മുൻപ്, എന്നെ ഇന്നത്തെ നിലയിലെത്തിച്ച ആ യാത്രയുടെ ആദ്യ ചുവടുവെച്ചപ്പോൾ തന്നെ, എന്റെ ഭർത്താവും അമ്മായിയമ്മയും എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിച്ചിരുന്നതെന്ന് എന്റെ ഹൃദയത്തിന് അറിയാമായിരുന്നു," എന്ന് അവർ എഴുതുന്നു. എന്നാൽ താൻ കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നുവെന്നും ഓരോ നിമിഷവും തന്റെ വികാരങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നുവെന്നും സോണിയ പറയുന്നു. ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയുണ്ടായിരുന്നെങ്കിൽ, അടുത്ത നിമിഷം താൻ പൂർണ്ണമായും തകർന്നുപോയ അവസ്ഥയിലായിരുന്നു.

10, ജൻപഥിലെ സമ്മർദ്ദങ്ങൾ: "ഠീക് ഹൈ"

സോണിയയെ പ്രധാനമന്ത്രിയാക്കാൻ സഖ്യകക്ഷി നേതാക്കൾ നടത്തിയ ശ്രമങ്ങൾ ഒരു സിനിമയിലെ ദൃശ്യങ്ങൾ പോലെയാണ് സോണിയയുടെ ഓർമ്മകളിൽ ഉള്ളത്. 10, ജൻപഥിലെ രാജീവ് ഗാന്ധിയുടെ കോൺഫറൻസ് റൂമിൽ ഒത്തുകൂടിയ നേതാക്കൾ ഓരോരുത്തരായി സംസാരിക്കുകയും, സോണിയ മൗനമായി അത് കേട്ടിരിക്കുകയും ചെയ്തു. ചർച്ച അവസാനിച്ചപ്പോൾ അവർ സോണിയയുടെ മറുപടിക്കായാണ് കാത്തിരുന്നത്. തന്നാൽ കഴിയുന്നത്ര ധൈര്യം സംഭരിച്ച് സോണിയ തന്റെ നിലപാട് വ്യക്തമാക്കി. എന്നാൽ അവിടെ വലിയ ബഹളമാണ് ഉണ്ടായത്. നേതാക്കൾ എഴുന്നേറ്റുനിന്ന് സോണിയയെ വളഞ്ഞു.

"ഞങ്ങൾ ഇത് അംഗീകരിക്കില്ല," അവരിൽ ഒരാൾ പറഞ്ഞു. "മാഡം, നിങ്ങൾക്ക് ഈ തീരുമാനം എടുക്കാൻ കഴിയില്ല," മറ്റൊരാൾ പറഞ്ഞു. അവരുടെ സ്വരം വളരെ കടുപ്പമേറിയതും ഏതാണ്ട് ആക്രമണോത്സുകവുമായിരുന്നു. "ഞങ്ങൾ നിങ്ങളുടെ 'ഇല്ല' എന്ന മറുപടി സ്വീകരിക്കില്ല." ആകെ പതറിപ്പോയ സോണിയ, ആ നേതാക്കളുടെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ പൂർണ്ണമായും തളർന്നുപോയി. "ഠീക് ഹൈ," ("ശരി,") എന്ന് അവർ വളരെ താഴ്ന്ന ശബ്ദത്തിൽ മന്ത്രിച്ചു. തങ്ങൾ പറയുന്നത് പൂർത്തിയാക്കാൻ പോലും കാത്തുനിൽക്കാതെ, അവിടെ കൂടിയ നേതാക്കൾ ഓരോരുത്തരായി സോണിയയെ അഭിനന്ദിക്കാൻ തുടങ്ങി.

Rahul, Priyanka Gandh

പ്രിയങ്കയുടെയും രാഹുലിന്റെയും ഇടപെടൽ

ഈ സംഭവവികാസങ്ങളെല്ലാം നടക്കുന്ന സമയത്ത് പ്രിയങ്ക ഗാന്ധി മുറിക്ക് പുറത്തുണ്ടായിരുന്നു. അമ്മയുടെ ആ മറുപടി കേട്ട ഉടനെ, കണ്ണീരോടെ അവർ രാഹുലിനെ കാണാനായി അകത്തേക്ക് ഓടിക്കയറി. തന്റെ അമ്മ നേതാക്കളുടെ സമ്മർദ്ദത്തിന് വഴിപ്പെട്ട് സമ്മതം മൂളിയിരിക്കുന്നുവെന്ന് പ്രിയങ്ക രാഹുലിനോട് പറഞ്ഞു.

"അവർ മുഴുവൻ അമ്മയുടെ ചുറ്റുമുണ്ട്, അമ്മ സമ്മതിച്ചിരിക്കുന്നു!"

"അവരെന്താണ് ഈ ചെയ്തത്? അവട എവിടെയാണ്?" എന്ന് ചോദിച്ചുകൊണ്ട് രണ്ടുപേരും കൂടി ദേഷ്യത്തോടെയും ആശങ്കയോടെയും സോണിയയുടെ അടുത്തേക്ക് നടന്നടുത്തു. അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മയുടെ സംരക്ഷകരായി സ്വയം കണ്ടിരുന്ന മക്കളായിരുന്നു അവർ.

"നിങ്ങൾ സമ്മതിച്ചോ?" എന്ന് രാഹുൽ ദേഷ്യത്തോടെ ചോദിച്ചു.

"അവർ എന്നെ വെറുതെ വിടാൻ തയ്യാറായില്ല," സോണിയ മറുപടി നൽകി. "എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല, നിങ്ങൾക്ക് അറിയാമല്ലോ. ഞാൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു."

"സമ്മർദ്ദമോ? നിങ്ങൾ സമ്മർദ്ദത്തിലാണെന്നോ?" രാഹുൽ രോഷത്തോടെ ചോദിച്ചു. "ഞങ്ങളുടെ കാര്യമോ?" ദേഷ്യത്തോടെ രാഹുൽ അവിടെനിന്നും ഇറങ്ങിപ്പോയി.

"നോക്കൂ അമ്മേ, ഇതിന്റെ കാര്യത്തിൽ നിങ്ങൾ എപ്പോഴും വ്യക്തതയുള്ളവളായിരുന്നല്ലോ," പ്രിയങ്ക പറഞ്ഞു. "ആരുടെയെങ്കിലും നിർബന്ധത്തിന് വഴിപ്പെട്ട് ഇത് ചെയ്യരുത്. നിങ്ങൾ എടുത്ത തീരുമാനപ്രകാരം മുന്നോട്ട് പോകൂ. ഇത് കൈകാര്യം ചെയ്യാൻ ഞങ്ങൾ രണ്ടുപേരും കൂടെയുണ്ട്."

അന്തിമ തീരുമാനം: "സോണിയ, നിന്റെ മനസാക്ഷിയോട് നീതി പുലർത്തുക"

ഏകീകൃതമായ സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ താൻ കിടപ്പുമുറിയിലേക്ക് പിൻവാങ്ങിയതായി സോണിയ ഓർക്കുന്നു. എപ്പോഴും ചെയ്യുന്നതുപോലെ ഭർത്താവിന്റെ കിടക്കയുടെ ഭാഗത്ത് അവർ നിശബ്ദമായി കിടന്നു. ആ ഏകാന്തതയിൽ അവളുടെ മനസ്സിൽ രണ്ട് എതിർ ശബ്ദങ്ങൾ തമ്മിലുള്ള പോരാട്ടം നടന്നു.

ഒരു ശബ്ദം പറഞ്ഞു: "സോണിയ, ഇതൊരു വിഡ്ഢിത്തമാണ്. ഇറ്റലിയിൽ ജനം വളർന്ന നീ, ഭൂമിയുടെ മറ്റേ അറ്റത്തുള്ള ഒരു രാജ്യത്തെ ശതകോടിയിലേറെ വരുന്ന ജനങ്ങളെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് വിചിത്രമാണ്."

മറ്റൊരു ശബ്ദം മറുപടി പറഞ്ഞു: "ഇത് നിന്റെ രാജ്യമാണ്; നിന്റെ ജീവിതവും കൂറും നീ ഇതിനാണ് സമർപ്പിച്ചത്. നീ സ്നേഹിച്ച മനുഷ്യനെ നഷ്ടപ്പെട്ടപ്പോൾ, ഈ രാജ്യം നിന്നെ സ്വന്തം മകളെപ്പോലെ ചേർത്തുപിടിച്ചു. ദുരന്തമുഖത്ത് ഇവിടുത്തെ ജനങ്ങൾ നിനക്ക് ആശ്വാസവും കരുതലുമായി നിന്നു. നിന്റെ പാർട്ടിയിലും നിന്നിലും വിശ്വാസമർപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് നിനക്ക് എങ്ങനെ ഒളിച്ചോടാനാകും?"

കടുത്ത മാനസിക സമ്മർദ്ദം കാരണം ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനിടയിൽ, സോണിയയുടെ മനസ്സ് എല്ലാ സംശയങ്ങളിൽ നിന്നും വ്യക്തത നേടി. "സോണിയ, നിന്റെ മനസാക്ഷിയോട് നീതി പുലർത്തുക," എന്ന് സ്വന്തം ശബ്ദം അവൾ കേട്ടു. "നിനക്കത് എപ്പോഴും അറിയാമായിരുന്നു. ഇത് വിട്ടേക്കൂ!"

കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഉണർന്ന സോണിയ നേരെ മകന്റെ മുറിയിലേക്ക് ചെന്ന് കതടിൽ തട്ടി. "ഞാൻ എന്റെ തീരുമാനം എടുത്തു. ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ പോവുകയാണ്," അവൾ പറഞ്ഞു. അടുത്തേക്ക് വന്ന് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് രാഹുൽ പറഞ്ഞു, "അത് ഏറ്റവും ശരിയായ തീരുമാനമാണ്."

Sonia Manmohan Singh

പാർലമെന്റിലെ നാടകീയ രംഗങ്ങൾ

തുടർന്ന് പാർലമെന്റിൽ നടന്ന നാടകീയ രംഗങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി പദം സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രസംഗങ്ങൾ ഓരോന്നായി വന്നുകൊണ്ടിരുന്നു. എന്നാൽ തന്റെ 'അന്തർആത്മാവിന്റെ ശബ്ദം' കേട്ടുകൊണ്ട് താൻ ഈ പദം വിനീതമായി നിരസിക്കുകയാണെന്ന് സോണിയ പ്രഖ്യാപിച്ചതോടെ പാർലമെന്റിൽ വലിയ കോലാഹലമുണ്ടായി.

താൽക്കാലികമായി സഭയിൽ നിന്ന് പുറത്തുപോയ സോണിയ തിരിച്ചുവന്ന്, തനിക്ക് പകരക്കാരനെ നിർദ്ദേശിക്കാൻ അനുവാദം ചോദിച്ചു. എം.പിമാർ അതിന് സമ്മതിച്ചപ്പോൾ അവർ ആ പേര് വിളിച്ചു പറഞ്ഞു: ഡോ. മൻമോഹൻ സിംഗ്.

"കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് ഞാൻ പടിയിറങ്ങുകയും ഡോ. സിംഗ് അതിന്റെ നേതാവായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ഒരിക്കൽ കൂടി കൈയടിയുയർന്നു, എല്ലാവരും എഴുന്നേറ്റു നിന്നു, ചിലർ മുദ്രാവാക്യം വിളിച്ചു, ചിലരുടെ കണ്ണീർ ഒഴുകിയിറങ്ങി. എന്റെ മക്കളും എഴുന്നേറ്റു നിന്നു. അവരും കൈയടിക്കുന്നത് ഞാൻ കണ്ടു. ഞാൻ അവിടെനിന്ന് നടന്നു നീങ്ങി. ആ വലിയ അഗ്നിപരീക്ഷ ഒടുവിൽ അവസാനിച്ചിരിക്കുന്നു," സോണിയ ഗാന്ധി തന്റെ പുസ്തകത്തിൽ കുറിക്കുന്നു.

In her memoir "Belonging: A Journey of Love," senior Congress leader Sonia Gandhi details the profound inner turmoil, family concerns, and political pressure surrounding her historic decision to turn down the prime ministership in 2004.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

30 മിനിറ്റിനിടെ ഒലിച്ചുപോയത് 7000 കോടി, എന്‍വിഡിയ സിഇഒയുടെ ആസ്തിയില്‍ വന്‍ഇടിവ്; ലോക സമ്പന്നരുടെ പട്ടികയില്‍ തിരിച്ചടി

കൂടുതല്‍ വേഗം, കുറഞ്ഞ ചെലവ്; ക്ലോഡിന്റെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ആന്ത്രോപിക്

ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണവുമായി സിപിഎം ഐസിസി; വനിതാ നേതാവിന്റെ മൊഴിയെടുത്തു

കലാമണ്ഡലത്തെ നിലനിര്‍ത്താന്‍ സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായും: മന്ത്രി പിസി വിഷ്ണുനാഥ്