ന്യൂഡല്‍ഹി: വനിതാ സംവരണം നടപ്പാക്കുന്നതിനും ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനുമായി മൂന്ന് പുതിയ ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭരണഘടനയുടെ 132-ാം ഭേദഗതി ബില്‍ 2026, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) രണ്ടാം ബില്‍ 2026, മണ്ഡല പുനര്‍നിര്‍ണയ (രണ്ടാം) ബില്‍ 2026 എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭയുടെ ഔദ്യോഗിക നടപടിക്രമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നേരത്തെ അവതരിപ്പിച്ച രണ്ട് ബില്ലുകള്‍ പിന്‍വലിക്കും. കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍ 2026, മണ്ഡല പുനര്‍നിര്‍ണയ ബില്‍ 2026 എന്നിവയാണ് പിന്‍വലിക്കുക. ഈ രണ്ട് ബില്ലുകളും 2026 ഏപ്രില്‍ 16നാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പകരം പരിഷ്‌കരിച്ച പുതിയ ബില്ലുകള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പാര്‍ലമെന്ററികാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഭരണഘടനയുടെ 132-ാം ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ (രണ്ടാം) ബില്ലും അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) രണ്ടാം ബില്‍ അവതരിപ്പിക്കുക.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് മണ്ഡല പുനര്‍നിര്‍ണയ (രണ്ടാം) ബില്ലിലുള്ളത്. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണത്തില്‍ പുനഃക്രമീകരണം നടത്താനും മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാനും ബില്‍ ലക്ഷ്യമിടുന്നു.
കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) രണ്ടാം ബില്‍ 1963ലെ ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് ആക്ട്, 1991ലെ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി ആക്ട്, 2019ലെ ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം എന്നിവയില്‍ ഭേദഗതി വരുത്താന്‍ ലക്ഷ്യമിടുന്നു. ഭരണഘടനയില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് 132-ാം ഭരണഘടനാ ഭേദഗതി ബില്ലിലുള്ളത്.
മൂന്ന് ബില്ലുകളും തിങ്കളാഴ്ച തന്നെ പരിഗണിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ലോക്‌സഭാ നടപടിക്രമങ്ങളിലെ റൂള്‍ 66ലെ വ്യവസ്ഥകളുടെ പ്രയോഗം താല്‍ക്കാലികമായി ഒഴിവാക്കുന്നതിനുള്ള പ്രമേയവും അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് രാജ്യസഭയുടെ സമ്മേളനം പുനരാരംഭിക്കുക. ഡിസംബര്‍ മൂന്നോടെ ഇരുസഭകളുടെയും നടപടികള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates