ഭരണഘടന മാറ്റാന്‍ ശ്രമിച്ചു, പക്ഷെ നടന്നില്ല; പാര്‍ലമെന്റില്‍ പരാജയപ്പെട്ട 12 ഭേദഗതി ബില്ലുകള്‍

നിയമമാകാതെ പോയ ബില്ലുകളില്‍ ചിലത് നിര്‍ണായക ഭരണഘടനാ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളവയായിരുന്നു
constitution amendments failed IN PARLIAMENT
12 Constitutional Amendment Bills Defeated in Parliament: A Historical Account(AI Generated Image)
Updated on: 
3 min read

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി കേന്ദ്രം വീണ്ടും പാര്‍ലമെന്റില്‍ എത്തുമ്പോള്‍, മുന്‍ കാലങ്ങളില്‍ പരാജപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളും ചര്‍ച്ചയാകുന്നു. ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെടുകയോ പിന്‍വലിക്കപ്പെടുകയോ ലാപ്‌സാകുകയോ ചെയ്ത നിരവധി ഭരണഘടനാ ഭേദഗതി ബില്ലുകള്‍ക്ക് ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ സ്ഥാനമുണ്ട്. വിവിധ കാരണങ്ങളാല്‍ നിയമമാകാതെ പോയ ഇത്തരം ബില്ലുകളില്‍ ചിലത് നിര്‍ണായക ഭരണഘടനാ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളവയായിരുന്നു. മുന്‍ ലോക്സഭാ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പിഡിടി ആചാര്യയുടെ പുസ്തകത്തെയും ഔദ്യോഗിക രേഖകളെയും അടിസ്ഥാനമാക്കി പാര്‍ലമെന്റില്‍ പരാജയപ്പെട്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകളുടെ ചരിത്രം പരിശോധിക്കാം.

1. ഭരണഘടന ഏഴാം ഭേദഗതി ബില്‍, 1955

ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിര്‍ത്തി, വിസ്തീര്‍ണം, പേര് എന്നിവയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന നിയമസഭകള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാന്‍ അധികാരം നല്‍കുന്നതായിരുന്നു പ്രധാന വ്യവസ്ഥ. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക്സഭയില്‍ പരാജയപ്പെട്ടു.

2. 17-ാം ഭേദഗതി ബില്‍, 1963

ഭൂപരിഷ്‌കരണ നിയമങ്ങള്‍ക്ക് ഭരണഘടനാപരമായി കൂടുതല്‍ സംരക്ഷണം നല്‍കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. ഇടനില ഭൂവുടമസ്ഥാവകാശങ്ങള്‍ ഇല്ലാതാക്കുന്നതും കാര്‍ഷിക ഭൂമി പുനര്‍വിതരണം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനായിരുന്നു നീക്കം. ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് 1964 ഏപ്രിലില്‍ ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടു.

3. 19-ാം ഭേദഗതി ബില്‍, 1966

പുതിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും രൂപീകരണം, നിലവിലുള്ള പ്രദേശങ്ങളുടെ പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരമുള്ള പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ വ്യക്തമാക്കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് 1966 മേയ് 16ന് ലോക്സഭ ബില്‍ തള്ളി.

4. ഭരണഘടന 24-ാം ഭേദഗതി ബില്‍, 1970

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച നാട്ടുരാജ്യങ്ങളിലെ മുന്‍ ഭരണാധികാരികള്‍ക്ക് ലഭിച്ചിരുന്ന പ്രിവി പേഴ്സും പ്രത്യേക ആനുകൂല്യങ്ങളും അവസാനിപ്പിക്കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. ലോക്സഭ ബില്‍ പാസാക്കിയെങ്കിലും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് 1970 സെപ്റ്റംബറില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടു.

5. 46-ാം ഭേദഗതി ബില്‍, 1978

പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഭരണഘടനാപരമായ പദവി നല്‍കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. നിലവില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കാനായിരുന്നു നീക്കം. ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് 1979 മെയില്‍ ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടു.

constitution amendments failed IN PARLIAMENT
കേരളത്തില്‍ എംപിമാർ കൂടുമോ? മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആര്‍ക്കാണ് നേട്ടം?

6. 47-ാം ഭേദഗതി ബില്‍, 1982

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. ലോക്സഭയിലും ചില സംസ്ഥാന നിയമസഭകളിലും ഇവര്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യാനായിരുന്നു നിര്‍ദേശം. 1984 ഓഗസ്റ്റ് 22ന് ബില്‍ പരിഗണിക്കാനുള്ള പ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടു. ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലഭിക്കാത്തതായിരുന്നു കാരണം.

7. 64-ാം ഭേദഗതി ബില്‍, 1989

പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായ പദവി നല്‍കുകയും രാജ്യത്തുടനീളം ശക്തമായതും ഏകീകൃതവും ജനാധിപത്യപരവുമായ ഗ്രാമീണ തദ്ദേശഭരണ സംവിധാനം ഉറപ്പാക്കുകയുമായിരുന്നു ബില്ലിന്റെ ലക്ഷ്യം. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1989 മേയ് 15ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിന് ഒക്ടോബര്‍ 13ന് രാജ്യസഭയില്‍ ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലഭിച്ചില്ല. ഇതോടെ ബില്‍ പരാജയപ്പെട്ടു.

8. ഭരണഘടന 65-ാം ഭേദഗതി ബില്‍, 1989

നഗര പഞ്ചായത്തുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ തുടങ്ങിയ നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായ അംഗീകാരവും സംരക്ഷണവും നല്‍കുകയായിരുന്നു ലക്ഷ്യം. 1989 ഓഗസ്റ്റ് ഏഴിന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ ഓഗസ്റ്റ് 10ന് ലോക്സഭ പാസാക്കി. എന്നാല്‍ ഒക്ടോബര്‍ 13ന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് രാജ്യസഭയില്‍ പരാജയപ്പെട്ടു.

9. 64-ാം ഭേദഗതി ബില്‍, 1990

പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. നിലവിലുള്ള മൂന്ന് വര്‍ഷത്തെ കാലാവധി മൂന്ന് വര്‍ഷവും ആറു മാസവുമായി ഉയര്‍ത്താനായിരുന്നു നിര്‍ദേശം. 1990 മാര്‍ച്ച് 27ന് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ മാര്‍ച്ച് 28ന് പാസാക്കി. എന്നാല്‍ രാജ്യസഭ പാസാക്കിയ ബില്‍ പരിഗണിക്കാനുള്ള പ്രമേയം മാര്‍ച്ച് 30ന് ലോക്സഭയില്‍ വിജയിച്ചില്ല. ലോക്സഭാ നടപടിക്രമങ്ങളിലെ ചട്ടം 157 അനുസരിച്ചായിരുന്നു ഇത്.

constitution amendments failed IN PARLIAMENT
കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210 ആവും, 70 വനിതകള്‍; മണ്ഡല അതിര്‍ത്തികള്‍ മാറും

10. 75-ാം ഭേദഗതി ബില്‍, 1990

പഞ്ചാബിലെ രാഷ്ട്രപതി ഭരണത്തിന്റെ പരമാവധി കാലാവധി മൂന്ന് വര്‍ഷവും ആറു മാസവും എന്നതില്‍ നിന്ന് നാല് വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. ലോക്സഭയില്‍ അവതരിപ്പിക്കുകയും അന്നുതന്നെ പരിഗണിക്കുകയും ചെയ്‌തെങ്കിലും ബില്‍ പരിഗണിക്കാനുള്ള പ്രമേയം ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ പരാജയപ്പെട്ടു.

11. 116-ാം ഭേദഗതി ബില്‍, 2011

കേന്ദ്രതലത്തില്‍ ലോക്പാലിനും സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ക്കും ഭരണഘടനാപരമായ പദവി നല്‍കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. അഴിമതി തടയുന്നതിനുള്ള സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനങ്ങളായി ഇവയെ മാറ്റാനായിരുന്നു നിര്‍ദേശം. പരാതികളില്‍ പ്രാഥമിക അന്വേഷണം, വിശദമായ അന്വേഷണം, പ്രോസിക്യൂഷന്‍ നടപടികള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ അധികാരം നല്‍കുന്നതും സ്ഥാപനങ്ങളുടെ ഘടന, നിയമനം, കാലാവധി എന്നിവ നിയമത്തിലൂടെ നിയന്ത്രിക്കുന്നതും ബില്ലില്‍ ഉള്‍പ്പെട്ടിരുന്നു. പ്രത്യേക ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് 2011 ഡിസംബറില്‍ ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടു.

12. ഭരണഘടന 131-ാം ഭേദഗതി ബില്‍, 2026

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സുഗമമാക്കുകയായിരുന്നു ബില്ലിന്റെ പ്രധാന ലക്ഷ്യം. ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനും ലോക്സഭയിലെ അംഗങ്ങളുടെ പരമാവധി എണ്ണം 543ല്‍ നിന്ന് 850 ആയി ഉയര്‍ത്തുന്നതിനും ബില്ലില്‍ വ്യവസ്ഥകളുണ്ടായിരുന്നു. 2026 ഏപ്രിലില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ ആവശ്യമായ അംഗബലം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടു.

constitution amendments failed IN PARLIAMENT
ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍
constitution amendments failed IN PARLIAMENT
മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും
constitution amendments failed IN PARLIAMENT
ഇന്ത്യാസഖ്യത്തിന് ഇന്ന് നിര്‍ണായകം; വിശാല പ്രതിപക്ഷ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കും?
Summary

12 Constitutional Amendment Bills That Failed to Pass in India's Parliamentary History

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER