കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210 ആവും, 70 വനിതകള്‍; മണ്ഡല അതിര്‍ത്തികള്‍ മാറും

നിലവിലുള്ള നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്
kerala legislative assembly
Kerala Assembly Seats May Increase from 140 to 210: What Delimitation Means for the State(AI Generated Image)
Updated on: 
3 min read

കൊച്ചി: മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള നിര്‍ണായക ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം മുന്നോട്ടു പോകുകയാണ്. ലോക്‌സഭയിലെ സീറ്റ് വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും 50 ശതമാനം സീറ്റ് വര്‍ധന ബില്ലില്‍ നിർദേശിക്കുന്നുണ്ട്. ഇതുപ്രകാരം കേരളത്തിന്റെ നിയമസഭാ സീറ്റുകളുടെ എണ്ണവും 50 ശതമാനം വര്‍ധിക്കും. ബില്‍ നിയമമായാല്‍ നിലവിലുള്ള 140 നിയമസഭാ മണ്ഡലങ്ങള്‍ 210 ആയി ഉയരും. അതായത് 70 സീറ്റുകളുടെ വര്‍ധന.

ഇത് കേരളത്തിന് മാത്രമുള്ള വര്‍ധനയല്ല. ഓരോ സംസ്ഥാനത്തെയും നിലവിലുള്ള നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള നിലവിലെ ആപേക്ഷിക സീറ്റ് അനുപാതം നിലനിര്‍ത്തുക എന്നതും ഈ നിര്‍ദേശത്തിന്റെ ലക്ഷ്യമാണ്. കേരളത്തിന്റെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20ല്‍ നിന്ന് 30 ആയി ഉയർത്താനാണ് നിര്‍ദേശം. രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ പരമാവധി അംഗസംഖ്യ 850 ആക്കുന്നതിനും ഭരണഘടനാ ഭേദഗതി ബില്‍ ലക്ഷ്യമിടുന്നു. എന്നാല്‍ 850 എന്നത് പരമാവധി അംഗസംഖ്യയാണ്. അത്രയും സീറ്റുകള്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്നില്ല.

സീറ്റുകള്‍ കൂടുന്നതിന്റെ പ്രാധാന്യം

നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ജനപ്രാതിനിധ്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനെ (Delimitation Commission) നിയോഗിക്കും. കമ്മിഷനാണ് മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുക. സീറ്റുകള്‍ 210 ആയാല്‍ കൂടുതല്‍ ജനപ്രതിനിധികള്‍ക്ക് അവസരം ലഭിക്കും. പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുന്നതോടെ ഓരോ എംഎല്‍എയുടെയും മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് തങ്ങളുടെ ജനപ്രതിനിധിയെ കൂടുതല്‍ എളുപ്പത്തില്‍ സമീപിക്കാനും പ്രാദേശിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും സാധിച്ചേക്കും.

റോഡ്, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാദേശിക ആവശ്യങ്ങള്‍ നിയമസഭയില്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും. പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനവിധി തേടാനും അവസരം ലഭിക്കും. അതേസമയം, കൂടുതല്‍ മണ്ഡലങ്ങള്‍ വരുന്നതുകൊണ്ട് മാത്രം ഭരണനിര്‍വഹണം മെച്ചപ്പെടുമെന്ന് ഉറപ്പില്ല. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും ജനസംഖ്യാ വിതരണവും പ്രാതിനിധ്യത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കും.

kerala legislative assembly
കേരളത്തില്‍ എംപിമാർ കൂടുമോ? മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആര്‍ക്കാണ് നേട്ടം?

33% വനിതാ സംവരണം

പുതിയ നിര്‍ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് നിയമസഭകളിലും ലോക്‌സഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുക എന്നതാണ്. 2023ല്‍ പാര്‍ലമെന്റ് പാസാക്കിയ 106-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വനിതാ സംവരണത്തിന് നിയമപരമായ അടിത്തറയൊരുങ്ങിയത്. നാരി ശക്തി വന്ദന്‍ അധിനിയം എന്നറിയപ്പെടുന്ന ഈ നിയമം ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി, പുതുച്ചേരി, ജമ്മു കശ്മീര്‍ നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഈ സംവരണം പ്രാബല്യത്തില്‍ വരുന്നത് മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. പുതിയ ഭരണഘടനാ ഭേദഗതി ഈ നടപടികള്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ നിയമസഭാ സീറ്റുകള്‍ 210 ആയി ഉയരുകയും അതില്‍ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യുകയും ചെയ്താല്‍ കണക്കനുസരിച്ച് 70 സീറ്റുകള്‍ വനിതകള്‍ക്ക് ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലും വനിതാ സംവരണം ബാധകമാകും. ഏത് മണ്ഡലങ്ങളാണ് വനിതകള്‍ക്കായി സംവരണം ചെയ്യേണ്ടതെന്ന് മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ തീരുമാനിക്കും. സംവരണ മണ്ഡലങ്ങള്‍ കാലക്രമത്തില്‍ മാറുന്ന രീതിയിലുള്ള ക്രമീകരണവും നിര്‍ദേശത്തിലുണ്ട്. ഇതോടെ നിലവില്‍ രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ കൂടുതല്‍ അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

എസ്‌സി, എസ്‌ടി സംവരണം

പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ (എസ്‌ടി) വിഭാഗങ്ങള്‍ക്കുള്ള നിയമസഭാ സംവരണവും മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി പുനഃക്രമീകരിക്കും. നിലവില്‍ കേരള നിയമസഭയിലെ 140 സീറ്റുകളില്‍ 14 എണ്ണം പട്ടികജാതി വിഭാഗങ്ങള്‍ക്കും രണ്ടെണ്ണം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. സീറ്റുകളുടെ എണ്ണം 210 ആയി ഉയര്‍ന്നാല്‍ ഈ സംവരണ സീറ്റുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകാം. എന്നാല്‍ നിലവിലുള്ള 14 എസ്‌സി സീറ്റുകളും 2 എസ്‌ടി സീറ്റുകളും 50 ശതമാനം വര്‍ധിപ്പിച്ച് യഥാക്രമം 21, 3 എന്നിങ്ങനെ കണക്കാക്കാനാവില്ല.

മണ്ഡല പുനര്‍നിര്‍ണയ സമയത്ത് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ ജനസംഖ്യയുടെ അനുപാതം കൂടി പരിഗണിച്ചായിരിക്കും സംവരണ മണ്ഡലങ്ങള്‍ തീരുമാനിക്കുക. അതായത് പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. എസ്‌സി, എസ്‌ടി വിഭാഗങ്ങളിലെ വനിതകള്‍ക്കും വനിതാ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.

അടിസ്ഥാനമാക്കുന്നത് 2011 സെന്‍സസ്

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ജനസംഖ്യാ കണക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുതിയ നിര്‍ദേശപ്രകാരം നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത് ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വരുന്ന സമയത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കിയായിരിക്കും. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ പൂര്‍ണ സെന്‍സസ് കണക്കുകള്‍ 2011ലേതാണ്. അതിനാല്‍ പുതിയ സെന്‍സസ് കണക്കുകള്‍ അതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍ 2011ലെ ജനസംഖ്യാ കണക്കുകളായിരിക്കും അടിസ്ഥാനമാവുക.

അതേസമയം ലോക്‌സഭാ സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കുന്നതില്‍ 1971ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള നിലവിലെ ആനുപാതിക ക്രമം 2051നുശേഷമുള്ള സെന്‍സസ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ നിലനിര്‍ത്താനാണ് പുതിയ നിര്‍ദേശത്തിലുള്ളത്.

kerala legislative assembly
മണ്ഡല പുനര്‍ നിര്‍ണയ ബിൽ: പിന്തുണയ്ക്കുമെന്ന് അവ്ഹാദ്; പരിശോധിക്കുമെന്ന് സുലെ; എൻസിപിയിൽ ആശയക്കുഴപ്പം?

എപ്പോള്‍ നടപ്പാക്കും?

കേന്ദ്രസര്‍ക്കാര്‍ പഴയ മണ്ഡല പുനര്‍നിര്‍ണയ ബില്‍ പിന്‍വലിച്ച് പുതിയ ബില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പുതിയ ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ചു. എന്നാല്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു എന്നതുകൊണ്ടുമാത്രം നിര്‍ദേശങ്ങള്‍ നിയമമാകില്ല. ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ പാസാകുകയും തുടര്‍ ഭരണഘടനാ നടപടികള്‍ പൂര്‍ത്തിയാകുകയും വേണം. അതിനുശേഷമാണ് മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.

ബില്ലുകള്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പരിഗണിക്കാനാണ് നീക്കം. ലോക്‌സഭയുടെ സമ്മേളനം നവംബര്‍ 30നും രാജ്യസഭയുടേത് ഡിസംബര്‍ 2നും ചേരും. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പുതിയ മണ്ഡലക്രമം ഏത് സമയത്ത് പ്രാബല്യത്തില്‍ വരുമെന്നത് തുടര്‍നടപടികളെ ആശ്രയിച്ചിരിക്കും.

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറുമോ?

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 140ല്‍ നിന്ന് 210 ആയി ഉയരുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ മാറ്റമായിരിക്കും. 70 പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കപ്പെടുന്നതോടെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും മാറ്റമുണ്ടാകും. അതോടൊപ്പം സ്ത്രീകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഓരോ പ്രദേശത്തെയും ജനസംഖ്യയും സാമൂഹിക ഘടനയും പരിഗണിച്ച് പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറിയേക്കാം.

210 സീറ്റുകള്‍ എന്നത് നിലവിലെ ബില്ലിലെ 50 ശതമാനം വര്‍ധനാ നിര്‍ദേശം അടിസ്ഥാനമാക്കിയുള്ള കണക്കാണ്. അന്തിമ മണ്ഡലങ്ങളും സംവരണ സീറ്റുകളുടെ എണ്ണവും മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്റെ തീരുമാനത്തിന് ശേഷമേ വ്യക്തമാകൂ.

kerala legislative assembly
ഇന്ത്യാസഖ്യത്തിന് ഇന്ന് നിര്‍ണായകം; വിശാല പ്രതിപക്ഷ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കും?
kerala legislative assembly
ജഡ്ജി നിയമനത്തില്‍ ഒരു സമുദായത്തിന് മുന്‍ഗണന, SC - ST- OBC പ്രാതിനിധ്യം വളരെ കുറവ്; രാഷ്ട്രപതിക്ക് കത്തെഴുതി മുന്‍ ചീഫ് ജസ്റ്റിസ് ഗവായ്
kerala legislative assembly
ലോക്‌സഭയില്‍ വേണ്ടത് 41 പേര്‍, രാജ്യസഭയില്‍ 12ഉം; ഡിഎംകെയിലേക്കും എന്‍സിപിയിലേക്കും പാലമിട്ട് കേന്ദ്രം
Summary

Kerala Assembly Seats May Increase from 140 to 210: What Delimitation Means for the State

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER