ലഖ്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ഇത്തരം ബന്ധങ്ങൾ കൊടിയ ചൂഷണങ്ങൾക്ക് ഇടയാക്കുമെന്ന് ആനന്ദി ബെൻ പറഞ്ഞു. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവന.
‘‘എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പെൺമക്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’’– ഗവർണർ പറഞ്ഞു.
ലിവ്-ഇൻ ബന്ധങ്ങൾ ഇപ്പോൾ പ്രചാരത്തിലായിരിക്കാം, പക്ഷേ അത് ചെയ്യരുത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കുക. കഴിഞ്ഞ 10 ദിവസമായി, അത്തരം കേസുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിക്കുന്നുണ്ട്. അവരെ കാണുമ്പോഴെല്ലാം നമ്മുടെ പെൺമക്കൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതെന്ന് ചിന്തിച്ചുപോകുന്നു." ആനന്ദിബെൻ പട്ടേൽ പറഞ്ഞു.
സർവകലാശാല പരിപാടിയിൽ വച്ച് ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതു രണ്ടാം തവണയാണ്. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ മനസ്സിലാകുമെന്നായിരുന്നു അന്നു ഗവർണർ പറഞ്ഞത്. 15-നും 20-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ കുഞ്ഞുങ്ങളെയും കയ്യിലേന്തി നിൽക്കുന്നത് കാണാൻ സാധിക്കുമെന്ന് ഗവർണർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates