ന്യൂഡൽഹി: വരും ദിവസങ്ങളിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടേയും പാകിസ്ഥാന്റേയും വിവിധ ഭാഗങ്ങളിലായി ഏകദേശം 1000 കിലോമീറ്ററോളം നീളത്തിൽ പടർന്നു കിടക്കുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലും പാകിസ്ഥാനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.
അടുത്ത 48 മുതൽ 72 മണിക്കൂർ വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ആലിപ്പഴവർഷം ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു. മെഡിറ്ററേനിയൻ മേഖലയിൽ നിന്നു ഉത്ഭവിച്ച ശക്തമായ 'വെസ്റ്റേൺ ഡിസ്റ്റർബൻസ്' മൂലമാണ് ഈ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ അറിയിച്ചു.
കാലാവസ്ഥയിലെ മാറ്റങ്ങൾ കൃഷിയെയും വിളവെടുപ്പിനെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കനത്ത മഴ, നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസങ്ങൾക്കും കാരണമായേക്കാം.
നിലവിൽ ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന ചൂടിന് ഈ മഴ താത്കാലികാശ്വാസം നൽകുമെങ്കിലും മഴ മാറിയാൽ ചൂട് വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates