മുംബൈ: ജെന്‍ സീ തലമുറയെ കണ്ണടച്ച് വിശ്വസിക്കുന്നതായും പ്രതിഷേധത്തില്‍ പങ്കെടുത്തെന്നു കരുതി അവര്‍ രാജ്യദ്രോഹികളാവില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മുംബൈയില്‍ നടന്ന 'ഇന്ത്യ ഇന്റര്‍നാഷനല്‍ മൂവ്മെന്റ് ടു യുണൈറ്റ് നേഷന്‍സ്' പരിപാടിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനും പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടാനും യുവാക്കള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഴയതലമുറ അധികാരികളെ ചോദ്യംചെയ്യാന്‍ മടിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറ അങ്ങനെയല്ല. 'ജെന്‍ സീ', 'ജെന്‍ ആല്‍ഫ' വിഭാഗങ്ങള്‍ യുക്തിപരമായ ഉത്തരങ്ങള്‍ തേടുന്നവരാണെന്നും സ്‌നേഹത്തോടെയും അനുകമ്പയോടെയും കാര്യങ്ങളെ സമീപിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
'ജെന്‍ സീകള്‍ ഏതെങ്കിലും പ്രതിഷേധത്തില്‍ പങ്കെടുത്തെന്നു കരുതി അവര്‍ രാജ്യദ്രോഹികളല്ലെന്നു വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മുടെ അടുത്ത തലമുറയാണ്. അവരും നമ്മളും പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. അപ്പോള്‍ മാത്രമേ അവരുടെ ആശങ്കകള്‍ മനസ്സിലാക്കാന്‍ സാധിക്കു. ജെന്‍ സീയും ജെന്‍ ആല്‍ഫയും കൂടുതല്‍ സത്യസന്ധരാണ്. അവര്‍ക്ക് ഈ രാജ്യത്തോടു സത്യസന്ധതയുണ്ട്. അവരില്‍ ദേശഭക്തിയും സേവനത്തിനുള്ള പ്രതിബദ്ധതയുമുണ്ട്' മോഹന്‍ ഭാഗവത് പറഞ്ഞു. ജന്തര്‍ മന്തറില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ വസ്തുതകള്‍ തനിക്ക് അറിയില്ലെന്നും ജെന്‍ സീയെ താന്‍ കണ്ണുമടച്ചു വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരുപാടു മെച്ചപ്പെടുത്തലുകള്‍ ആവശ്യമുണ്ട്. ഇന്നത്തെ തലമുറ അധികാരത്തെ ചോദ്യം ചെയ്യാന്‍ സന്നദ്ധരാണ്. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും അധികാരികളെ ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ ജെന്‍ സീയും ജെന്‍ ആല്‍ഫയും അധികാരത്തെ ചോദ്യം ചെയ്യുകയും യുക്തിസഹമായ ഉത്തരങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രതിഷേധിക്കുന്നതില്‍നിന്നു യുവാക്കളെ ഞാന്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല. എന്നാല്‍ അതിനു കൃത്യമായ വഴിയുണ്ടാകണം. യുവജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് എതിര്‍ക്കാന്‍ വേണ്ടിയല്ല, മറിച്ചു മെച്ചപ്പെടുത്തലിനു വേണ്ടിയാണെന്നു നാം മനസ്സിലാക്കണം'' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates