ന്യൂയോര്‍ക്ക്: ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി അഭിമാനമായി മാറിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് സുനിത വില്യംസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.
''എന്നെ അറിയുന്ന ആര്‍ക്കും ബഹിരാകാശമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് അറിയാം,''- വില്യംസ് പറഞ്ഞു. ബഹിരാകാശ സഞ്ചാരിയായി സേവനമനുഷ്ഠിച്ചതും ബഹിരാകാശത്തേയ്ക്ക് മൂന്ന് തവണ പറക്കാന്‍ അവസരം ലഭിച്ചതും അവിശ്വസനീയമായ ഒരു ബഹുമതിയാണ്. ഞങ്ങള്‍ സ്ഥാപിച്ച അടിത്തറ ഈ ധീരമായ ചുവടുവയ്പ്പുകള്‍ കുറച്ചുകൂടി എളുപ്പമാക്കിയിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നാസയും അതിന്റെ പങ്കാളി ഏജന്‍സികളും അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ഞാന്‍ വളരെ ആവേശത്തിലാണ്, ഏജന്‍സി ചരിത്രം സൃഷ്ടിക്കുന്നത് കാണാന്‍ എനിക്ക് കാത്തിരിക്കാനാവില്ല.''- സുനിത വില്യംസ് പറഞ്ഞു.
വില്യംസിന്റെ അവസാന ബഹിരാകാശ ദൗത്യത്തില്‍ ബോയിംഗിന്റെ ദൗര്‍ഭാഗ്യകരമായ കാപ്‌സ്യൂള്‍ പരീക്ഷണ പറക്കലും ഉള്‍പ്പെടുന്നു. സുനിത വില്യംസ് മാസങ്ങളോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങാന്‍ ഇത് കാരണമായി. അടുത്തിടെ നാസ വിട്ടുപോയ അവരുടെ സഹപ്രവര്‍ത്തകന്‍ ബുച്ച് വില്‍മോറിന്റെ വിരമിക്കലിന് പിന്നാലെയാണ് സുനിത വില്യംസും നാസയോട് വിട പറഞ്ഞത്.
2006 ഡിസംബറില്‍ STS-116 ദൗത്യത്തിന്റെ ഭാഗമായി ഡിസ്‌കവറി സ്പേസ് ഷട്ടിലില്‍ സുനിത ആദ്യമായി ബഹിരാകാശത്തേക്ക് പോയി. STS-117 സംഘത്തോടൊപ്പം സ്പേസ് ഷട്ടില്‍ അറ്റ്ലാന്റിസില്‍ തിരിച്ചെത്തി. ഈ ദൗത്യത്തില്‍ സുനിത ഫ്ളൈറ്റ് എന്‍ജിനിയറായാണ് പ്രവര്‍ത്തിച്ചത്. 2012ല്‍ കസാഖിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് 127 ദിവസത്തെ എക്സ്പെഡിഷന്‍ 32/33 ദൗത്യത്തിന്റെ ഭാഗമായി അവര്‍ രണ്ടാമതും ബഹിരാകാശത്തേക്ക് പോയി. എക്സ്പെഡിഷന്‍ 33-ല്‍ അവര്‍ ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായും പ്രവര്‍ത്തിച്ചു.
2024 ജൂണില്‍ നാസയുടെ ബോയിങ് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി വില്യംസും വില്‍മോറും സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ യാത്രതിരച്ചു. എക്സ്പെഡിഷന്‍ 72-ല്‍ വില്യംസ് വീണ്ടും ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായി. ഈ ദൗത്യത്തില്‍ അവര്‍ രണ്ട് സ്പേസ് വാക്ക് പൂര്‍ത്തിയാക്കി. 2025 മാര്‍ച്ചില്‍ ഏജന്‍സിയുടെ സ്പേസ്എക്സ് ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്ക് തിരിച്ചെത്തി. മസാച്യുസെറ്റ്‌സിലെ നീധാം സ്വദേശിയായ അവര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ അക്കാദമിയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും ഫ്‌ലോറിഡയിലെ മെല്‍ബണിലുള്ള ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനിയറിങ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates