സുപ്രീം കോടതി ഫയല്‍
India

യുവജനങ്ങളുടെ ആശങ്കകൾ കേൾക്കണം, അക്രമത്തിലേക്ക് നയിക്കരുത്: ജന്തർ മന്തർ സമരത്തിൽ സുപ്രീം കോടതി

സമരക്കാരുമായി സംഭാഷണം നടത്തുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്; വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥരുടെ ഹർജിയിൽ നോട്ടീസ് അയച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയർന്നുവന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ ആശങ്കകൾ മനസ്സിലാക്കി പ്രശ്നം പരിഹരിക്കാനാണ് അധികാരികൾ ശ്രമിക്കേണ്ടതെന്നും, സാഹചര്യം അക്രമത്തിലേക്ക് പോകാതെ സംയമനം പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലൈ 20-ന് നടന്ന പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം.

'ശബ്ദമുയർത്തുന്നവരുടെ ശബ്ദം കേൾക്കുകയാണ് പ്രധാനം'

സമരക്കാരായ യുവാക്കളെ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലുകൾ അത്യാവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചൂണ്ടിക്കാട്ടി. ഈ യുവാക്കൾ അക്രമത്തിലേക്ക് കടക്കാതിരിക്കാൻ നമ്മൾ ശ്രദ്ധയോടെ നീങ്ങണം. അവരെ ഉപദേശിക്കുകയും ശാന്തരാക്കുകയുമാണ് ചെയ്യേണ്ടത്. ഏറ്റവും ശക്തമായ ആയുധം കേൾക്കുക എന്നതാണ്. എന്തുകൊണ്ടാണ് അവർ ശബ്ദമുയർത്തുന്നത് എന്ന് കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുക - ചീഫ് ജസ്റ്റിസ് വ്യക്താമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായി നടക്കാൻ വഴിയൊരുക്കുകയാണ് വേണ്ടതെന്നും എന്നാൽ സ്ഥിതിഗതികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊലീസിനും ക്രമസമാധാന ഏജൻസികൾക്കും വ്യക്തമായ ബോധ്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചോദ്യം ചെയ്യപ്പെടുമ്പോഴും ജൂലൈ 20-ലെ അക്രമ സംഭവങ്ങൾക്ക് കാരണക്കാരായ സമരാനുകൂലികൾക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പാർലമെന്റിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തിയത് സുരക്ഷാ ഭീഷണിയാണെന്നും മതപരമായ ചടങ്ങുകളിലോ കൂട്ടായ്മകളിലോ ഉണ്ടാകുന്ന അപാകതകൾക്ക് സംഘാടകരെ ഉത്തരവാദികളാക്കുന്നതുപോലെ ഈ കേസിലും നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ജൂൺ മാസത്തിലാണ് ഓൺലൈൻ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി' പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ജൂലൈ 20-ന് പൊലീസിന്റെ വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച 'സംസദ് ചലോ' മാർച്ചിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും, ലത്തിച്ചാർജ്ജ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയും ചെയ്തിരുന്നു.

തുടർന്ന് ജൂലൈ 25-ന് ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതോടെയാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്.സമരം ചെയ്ത കുട്ടികൾക്കെതിരെ കടുപ്പമേറിയ നടപടികൾ എടുക്കരുതെന്നും കസ്റ്റഡിയിലുള്ള പ്രായപൂർത്തിയാകാത്തവരെ ഉടൻ മോചിപ്പിക്കണമെന്നും ജൂലൈ 28-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ ഹർജി പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി വെച്ചു.

Hearing a petition related to the July 20 student-led protests at Jantar Mantar over question paper leaks, the Supreme Court observed that law enforcement authorities should understand and address the concerns of protesting youth through dialogue rather than allowing situations to escalate into violence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചെറുപ്പം മുതലേ മായ ചേച്ചിയെ എനിക്കറിയാം, 'തുടക്കം' കാരണം കുറേ സമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റി'; ആശിഷ് ജോ ആന്റണി

കെസിഎല്ലിൽ തിളങ്ങാനൊരുങ്ങി കൗമാരപ്പട!

കുട്ടി പ്രതിഭകൾക്ക് സർക്കാർ അംഗീകാരം; 25,000 രൂപ അവാർഡ്, ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

വെള്ളം തിളപ്പിക്കുന്നതാണോ ഫിൽട്ടർ ചെയ്യുന്നതാണോ ആരോ​ഗ്യത്തിന് സുരക്ഷിതം?

നാലു വയസുകാരിയുടെ കൊലപാതകം: ജാമ്യത്തിലിറങ്ങി വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ