ന്യൂഡൽഹി: തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ നീക്കിയ സുപ്രീം കോടതി, ഉച്ചിപ്പിള്ളയാർ കോവിലിൽ തെളിയിക്കുന്ന ദീപത്തിൽ നിന്നുള്ള ജ്വാല ഉപയോഗിച്ച് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി നിയമിച്ച റിസീവർമാർക്ക് നിർദ്ദേശം നൽകി. ദർഗയിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലെയായി എല്ലാ ഭക്തർക്കും ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ദർഗയ്ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാൻ സിആർപിഎഫിനോടും കോടതി നിർദ്ദേശിച്ചു.
ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്തുനിന്ന് പൂർണ്ണമായ വീഴ്ചയാണ് ഉണ്ടായതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ബോർഡ് ഓഫ് ട്രസ്റ്റീസിനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു. ക്ഷേത്ര ഭരണം ഏറ്റെടുക്കുന്നതിനായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എസ് വൈദ്യനാഥൻ, ജസ്റ്റിസ് വി പാർത്ഥിപൻ എന്നിവരടങ്ങുന്ന സമിതിയെ കോടതി റിസീവർമാരായി നിയമിച്ചു. ഭരണസമിതിയിൽ നിന്ന് ഉടൻ തന്നെ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുക്കാൻ റിസീവർമാർക്ക് കോടതി നിർദ്ദേശം നൽകി. ക്ഷേത്രത്തിന്റെ സംരക്ഷണം സാധാരണഗതിയിൽ കമ്മീഷണറുടെ ചുമതലയാണെങ്കിലും, അധികൃതർ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല ഉടൻ തന്നെ ഏറ്റെടുക്കാൻ സിആർപിഎഫ് കമാൻഡന്റിനോട് നിർദ്ദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ സുഗമമായി കൈമാറുന്നുവെന്ന് തമിഴ്‌നാട് ഡിജിപി ഐ.ജി.പി, മധുര എസ്പി എന്നിവർ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.
നവംബർ 20-ലെ കോടതി ഉത്തരവ് മനഃപൂർവ്വം ലംഘിക്കപ്പെട്ടുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി സുപ്രീം കോടതി വ്യക്തമാക്കി. അധികൃതർ സമർപ്പിച്ച റിപ്പോർട്ട് മുതലക്കണ്ണീർ ഒഴുക്കുന്നതിന് തുല്യമാണെന്ന രൂക്ഷ വിമർശനവും കോടതി ഉയർത്തി.
തുടർന്ന്, കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി, എച്ച്ആർസിഇ കമ്മീഷണർ, മധുര ജില്ലാ കളക്ടർ, മധുര പൊലീസ് കമ്മീഷണർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, മധുര എസ്പി, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഡെപ്യൂട്ടി കമ്മീഷണർ/എക്സിക്യൂട്ടീവ് ഓഫീസർ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, ട്രസ്റ്റിമാർ എന്നിവർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എല്ലാവർക്കും നേരിട്ട് നോട്ടീസ് കൈമാറിയെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വ്യക്തിഗത സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും, അല്ലാത്തപക്ഷം നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates