സുപ്രീംകോടതി /ഫയല്‍ ചിത്രം 
India

ആര്‍ക്കും യൂ ട്യൂബ് ചാനല്‍ തുടങ്ങാം, എന്തും വിളിച്ചു പറയാമെന്ന അവസ്ഥ ;  രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

നിരവധി വ്യാജ വാര്‍ത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്. ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സാമൂഹ്യ മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു. ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുസ്‌ളീം സംഘടനകള്‍ നല്‍കിയ ഹര്‍ജി  പരിഗണിക്കുമ്പോഴായിരുന്നു കോടതി വെബ് പോര്‍ട്ടലുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ് നിലവിലുള്ളത് ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ആര്‍ക്ക് വേണമെങ്കിലും ഇന്ന് യൂട്യൂബ് ചാനലുകള്‍ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വര്‍ഗീയത പടര്‍ത്താന്‍ വരെ ശ്രമിക്കുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനൊന്നും ഇല്ല.  നിരവധി വ്യാജ വാര്‍ത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്. ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു. 

സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികള്‍ പ്രതിബദ്ധത കാട്ടുന്നില്ല. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികള്‍ പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. സര്‍ക്കാര്‍ കൊണ്ട് വന്ന ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. 

എന്നാല്‍ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ കേസുകള്‍ നല്‍കിയിരിക്കുകയാണ്. ഈ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാന്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുളള സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT