ചെന്നൈ: നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ പറഞ്ഞതാണെന്നും ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
'ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു'- നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
നേരത്തെ ബിജെപി നേതാവിന് മറുപടിയുമായി തൃഷ രംഗത്തുവന്നിരുന്നു. തന്നേയും നടനും ടിവികെ നേതാവുമായ വിജയിയേയും കുറിച്ച് അപവാദം പറഞ്ഞ നൈനാര്‍ നാഗേന്ദ്രന് വക്കീല്‍ മുഖേന പ്രസ്താവനയിലൂടെയാണ് തൃഷ മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസം വിജയ്ക്കെതിരെ നാഗേന്ദ്രന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിജയ്ക്ക് രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്ത് നേടണമെങ്കില്‍ തൃഷയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങണം എന്നായിരുന്നു നാഗേന്ദ്രന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൃഷയുടെ പ്രതികരണം.
''അനാദരവ് എല്ലായിപ്പോഴും ചോദ്യം ചെയ്യപ്പെടണം'' എന്ന കുറിപ്പോടെയാണ് തൃഷ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അഭിഭാഷകനായ നിത്യേഷ് നടരാജാണ് പ്രസ്താവന പുറപ്പെടുവിച്ചത്. തൃഷയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഔദ്യോഗിക കുറിപ്പ് പങ്കുവെക്കുന്നതെന്ന മുഖവുരയോടെയാണ് അഭിഭാഷകന്റെ പ്രസ്താവന.
'സംസ്ഥാനത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നൊരു നേതാവില്‍ നിന്നും ഇതുപോലെ അനുചിതവും മോശവുമായ പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കക്ഷിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഇതുവരേയും ബന്ധമില്ലെന്നും ഭാവിയിലും അത്തരത്തിലുള്ള ഉദ്ദേശങ്ങളൊന്നുമില്ലെന്നും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്'- പ്രസ്താവനയില്‍ അഭിഭാഷകന്‍ പറയുന്നു.
'കഴിഞ്ഞകാലങ്ങളില്‍ പിന്തുടര്‍ന്നത് പോലെ തന്നെ രാഷ്ട്രീയ വിഷയങ്ങളില്‍ നിഷ്പക്ഷമായ നിലപാടാണ് എന്റെ കക്ഷി എന്നും സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ ബന്ധങ്ങളുടെ പേരിലല്ല തന്റെ തൊഴിലിന്റെ പേരില്‍ മാത്രം അറിയിപ്പെടാനാണ് തന്റെ കക്ഷി ആഗ്രഹിക്കുന്നത്. കൂടാതെ, ഏറ്റവും പ്രധാനമായി, വ്യക്തി ജീവിതം ഒരിക്കലും പൊതുജന മധ്യത്തില്‍ ചര്‍ച്ചാ വിഷയമാക്കരുത് എന്നത് സാമാന്യ തത്വമാണ്. ഉയര്‍ന്ന പദിവിയിലിരിക്കുന്ന വ്യക്തികള്‍ പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ ഉത്തരവാദിത്തവും പക്വതയും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- പ്രസ്താവനയില്‍ പറയുന്നു.
താനുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ കക്ഷിയുടെ പേര് വലിച്ചിടരുതെന്ന് തന്റെ കക്ഷി അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഡിഎംകെയുടെ ഏക എതിരാളിയാവുക താന്‍ നയിക്കുന്ന ടിവികെ ആയിരിക്കും എന്ന വിജയിയുടെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് നാഗേന്ദ്രന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വിജയ്ക്ക് രാഷ്ട്രീയത്തില്‍ അനുഭവം കുറവാണെന്നായിരുന്നു നാഗേന്ദ്രന്‍ പറഞ്ഞത്.
''പാവം, അയാള്‍ക്ക് തീരെ അനുഭവ സമ്പത്തില്ല. ആദ്യം അയാള്‍ സ്വന്തം വീട്ടില്‍ നിന്നും പുറത്ത് വരണം. തൃഷയുടെ വീട്ടില്‍ നിന്നും ആദ്യം പുറത്ത് കടക്കണം. എന്നാലേ എന്തെങ്കിലുമൊക്കെ നടക്കൂ''- എന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്. സംഭവം വിവാദമായെങ്കിലും തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ നാഗേന്ദ്രന്‍ തുടക്കത്തില്‍ ഒരുക്കമായിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates