ചെന്നൈ: ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക പ്രശസ്തമായ അളങ്കാനല്ലൂര്‍ ജല്ലിക്കെട്ടിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം. ജല്ലിക്കെട്ട് വീരന് മൃഗസംരക്ഷണ വകുപ്പില്‍ മുന്‍ഗണനാക്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. ജല്ലിക്കെട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാളകളെ പിടിച്ചുകെട്ടുന്നവര്‍ക്കു മൃഗസംരക്ഷണ വകുപ്പിലാണു ജോലി നല്‍കുക. അലങ്കനല്ലൂരില്‍ കാളകള്‍ക്കായി അത്യാധുനിക പരിശീലന ചികിത്സാ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയികൾക്ക് സ്റ്റാലിൻ സ്വർണ മോതിരവും സമ്മാനിച്ചു.
കാളകളെ പരിശീലിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും 2 കോടി രൂപ ചെലവില്‍ നവീന സൗകര്യങ്ങളോടെ അളങ്കാനല്ലൂരില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജല്ലിക്കെട്ട് മത്സരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ കൂട്ടുന്നതിനും മത്സരാര്‍ഥികള്‍ക്കു കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുമാണ് സ്റ്റാലിന്റെ പ്രഖ്യാപനങ്ങള്‍. ജെല്ലിക്കെട്ട് വിജയികള്‍ക്കും ഉടമകള്‍ക്കും വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ വകയായാണ് ഇതുവരെ നല്‍കിയിരുന്നത്. കാര്‍, ഇരുചക്ര വാഹനം തുടങ്ങിയ സമ്മാനങ്ങളാണ് പൊതുവായി നല്‍കി വന്നിരുന്നത്. ജല്ലിക്കെട്ട് വീരന്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നുവന്നിരുന്ന ഒന്നാണ്.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സ്റ്റാലിന്‍ അളങ്കാനല്ലൂര്‍ ജല്ലിക്കെട്ടിന്റെ വേദിയിലെത്തിയത്. ജില്ലാ കളക്ടര്‍ കെ ജെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം വാണിജ്യ നികുതി മന്ത്രി പി മൂര്‍ത്തിയാണ് അളങ്കാനല്ലൂര്‍ ജല്ലിക്കെട്ട് ഫ്‌ളാഗ് ഓഫ് ചെയ്തത്. അളങ്കാനല്ലൂരിലെ ജല്ലിക്കെട്ടില്‍ ആയിരത്തോളം കാളകളും വീരന്മാരും പങ്കെടുത്തു. പ്രകടനങ്ങള്‍ക്കിടെ കാളകളെ മെരുക്കുന്നവര്‍, കാള ഉടമകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കാണികള്‍ എന്നിവരുള്‍പ്പെടെ ആകെ 63 പേര്‍ക്ക് പരിക്കേറ്റു. 23 പേരെ തുടര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ രാജാജി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അളങ്കാനല്ലൂര്‍ ജല്ലിക്കെട്ടിന് പുറമെ തിരുച്ചിറപ്പള്ളി, ശിവഗംഗ എന്നിവിടങ്ങളിലും ഇന്നലെ ജല്ലിക്കെട്ട് മത്സരങ്ങള്‍ നടന്നിരുന്നു. പരിപാടിക്കിടെ കാളകളുടെ കുത്തേറ്റ് നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. ശിവഗംഗയില്‍ 68 പേര്‍ക്കും തിരുച്ചിറപ്പള്ളിയില്‍ 63 പേര്‍ക്കുമാണു പരുക്കേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates