ന്യൂഡല്‍ഹി: മതേതര ജനാധിപത്യത്തെ നിരാകരിക്കുന്നതാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ രീതിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മതേതര ജനാധിപത്യത്തെ നിരാകരിക്കുന്നതിലും ഇസ്ലാമിനെ വ്യാഖ്യാനിക്കുന്നതില്‍ കൂടുതല്‍ തീവ്രചിന്ത പുലര്‍ത്തുന്നതിലും വേരൂന്നിയാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലനില്‍പ്പെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. ബംഗ്ലാദേശിലെ ധാക്ക സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വിദ്യാര്‍ഥി സംഘടന വിജയിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിറയുന്ന ട്രോളുകള്‍ക്ക് മറുപടി പറയുകയായിരുന്നു ശശി തരൂര്‍.
സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ജമാഅത്തെ ഇസ്ലാമിയെ താന്‍ പ്രകീര്‍ത്തിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ വിശദീകരണം. ജമാഅത്തിന്റെ വിജയത്തെ ആശങ്കാജനകമായ സൂചനയായി വിലയിരുത്തി താന്‍ പങ്കുവെച്ച പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി ശക്തിപ്രാപിക്കുന്നത് ഇന്ത്യയ്ക്ക് പ്രതികൂലമായ ഒരു സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തുകയുമാണ് താന്‍ ചെയ്തതെന്നുമാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍ഡിടിവിയില്‍ എഴുതിയ ലേഖനത്തിലൂടെയും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയുമാണ് ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
'ചില ട്രോളുകള്‍ ഞാന്‍ ജമാഅത്തിനെ 'പ്രശംസിക്കുന്നു' എന്ന് ആരോപിക്കുന്നു. എന്റെ ട്വീറ്റില്‍ ഞാന്‍ ജമാഅത്തിന്റെ വിജയത്തെ 'വരാനിരിക്കുന്ന കാര്യങ്ങളുടെ ആശങ്കാജനകമായ ഒരു സൂചന' എന്നാണ് വ്യക്തമാക്കിയത്. അത് 'പ്രശംസ' ആയി കണക്കാക്കുകയാണെങ്കില്‍, ഇംഗ്ലീഷ് ഭാഷ ഞാന്‍ പഠിച്ചപ്പോള്‍ ഉണ്ടായിരുന്നതുപോലെയല്ലെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ.'- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. 'ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി ശക്തിപ്രാപിക്കുന്നത് ഇന്ത്യയ്ക്ക് പ്രതികൂലമായ ഒരു സാഹചര്യം സൃഷ്ടിച്ചേക്കാം. ധാക്ക സര്‍വകലാശാലാ തെരഞ്ഞെടുപ്പ് ഒരു മുന്നറിയിപ്പ് സന്ദേശമാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ മാറുന്നതിന്റെ സൂചനയാണിത്. ധാക്കയിലെ കൂടുതല്‍ മൗലികമായ നിലപാട് പാകിസ്ഥാനിലെ ഐഎസ്ഐയുമായി സഹകരിച്ച് ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്ക് കരുത്തുപകരും.'- ശശി തരൂരിന്റെ ലേഖനത്തില്‍ പറയുന്നു. ചരിത്രപരമായി ഇസ്ലാമിക രാഷ്ട്രീയ ഉയര്‍ച്ചയുടെ കാലഘട്ടത്തിലാണ് ബംഗ്ലാദേശ്. ഈ കാലഘട്ടത്തില്‍ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുള്ള ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തെക്കുറിച്ചും തരൂര്‍ ആശങ്ക പ്രകടിപ്പിച്ചു. മതേതര ജനാധിപത്യത്തെ നിരാകരിക്കുന്നതിലും ഇസ്ലാമിനെ വ്യാഖ്യാനിക്കുന്നതില്‍ കൂടുതല്‍ തീവ്രചിന്ത പുലര്‍ത്തുന്നതിലും വേരൂന്നിയാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലനില്‍പ്പെന്നും തരൂര്‍ വിമര്‍ശിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി സംഘടനയുടെ വിജയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായത്.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടന നേടിയ വിജയം സംബന്ധിച്ച പത്രവാര്‍ത്ത പങ്കുവച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു തരൂരിന്റെ ആദ്യ എക്സ് പോസ്റ്റ്. 'മിക്ക ഇന്ത്യക്കാരുടെയും മനസ്സില്‍ ഇതൊരു ചെറിയ അനിഷ്ടമായി തോന്നിയിരിക്കാം, പക്ഷേ വരാനിരിക്കുന്ന കാര്യങ്ങളുടെ ആശങ്കാജനകമായ സൂചനയാണിത്. ഇപ്പോള്‍ നിരോധിക്കപ്പെട്ട അവാമി ലീഗ്, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പോലുള്ള രണ്ട് പ്രധാന പാര്‍ട്ടികളോട് ബംഗ്ലാദേശില്‍ വലിയ എതിര്‍പ്പ് രൂപം കൊണ്ടുകഴിഞ്ഞു. ഇവരോട് എതിര്‍പ്പുള്ളവരാണ് ജമാഅത്തെ ഇസ്ലാമിയിലേക്ക് അടുക്കുന്നത്. വോട്ടര്‍മാര്‍ ഭീകരരോ ഇസ്ലാമിക മതമൗലികവാദികളോ ആയതുകൊണ്ടല്ല ഇത്തരം മാറ്റം. രണ്ട് മുഖ്യധാരാ പാര്‍ട്ടികളുമായി ബന്ധപ്പെട്ട അഴിമതിയും ദുര്‍ഭരണവും ജമാഅത്തെ ഇസ്ലാമിയെ ബാധിച്ചിട്ടില്ലെന്നതാണ് ഈ പിന്തുണയുടെ അടിസ്ഥാനം. 2026 ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ പ്രവണത എന്ത് മാറ്റം ഉണ്ടാക്കും?. അയല്‍രാജ്യത്ത് ഭൂരിപക്ഷം നേടുന്ന ജമാഅത്തെ ഇസ്ലാമിയെ ഇന്ത്യ നേരിടേണ്ടി വരുമോ?'- തരൂര്‍ എക്‌സില്‍ കുറിച്ചു. എന്നാല്‍, ബംഗ്ലാദേശിലെ മുന്നേറ്റത്തില്‍ തരൂര്‍ ജമാഅത്തെ ഇസ്ലാമിയെ പ്രശംസിച്ചെന്ന തരത്തില്‍ പോസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശശി തരൂരിന്റെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates