ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (റിംസ്) ആശുപത്രിയില്‍ നിന്ന് നാല് വെന്റിലേറ്ററുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ സ്വദേശിയായ സജ്ജന്‍ ബസന്ത് മോതെ, ഹൈദരാബാദ് കേന്ദ്രീകരിച്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ കച്ചവടം നടത്തുന്ന കൊണ്ട റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 30നാണ് മോഷണം നടന്നത്.
സജ്ജന്‍ ബസന്തും എം അഭിജിത്തെന്ന ഒരാളും മെഡിക്കല്‍ ടെക്‌നീഷ്യന്മാരാണെന്ന വ്യാജേന റിംസ് ആശുപത്രിയില്‍ എത്തി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ അടിയന്തര ചികിത്സ തേടിയിരുന്ന ആശുപത്രിയുടെ രണ്ടാം നിലയിലെ വാര്‍ഡുകളില്‍ നിന്ന് തന്ത്രപരമായി ഇവര്‍ നാല് വെന്റിലേറ്ററുകള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച ഉപകരണങ്ങള്‍ മഹാരാഷ്ട്രയിലേക്ക് കടത്തി. വെന്റിലേറ്ററുകള്‍ വില്‍ക്കുന്നതിനായി പ്രതികള്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന ഡീലറായ കൊണ്ട റെഡ്ഡിയെ ബന്ധപ്പെട്ടു. ഉപകരണങ്ങള്‍ മോഷ്ടിച്ചതാണെന്ന് അറിഞ്ഞിട്ടും റെഡ്ഡി ഇത് വാങ്ങാന്‍ തയ്യാറാവുകയായിരുന്നു.
മൂവരും ചേര്‍ന്ന് വെന്റിലേറ്ററുകള്‍ കാറില്‍ ഹൈദരാബാദിലേക്ക് കടത്തുന്നതിനിടെ, ആദിലാബാദ് ആര്‍ടിഒ ഓഫീസിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് വഴിത്തിരിവായത്. പൊലീസിന് സംശയമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ കാറില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ തടഞ്ഞു നിര്‍ത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലും തെലങ്കാനയിലെ നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയിലും നേരത്തെ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി ആദിലാബാദ് ജില്ലാ പോലീസ് സൂപ്രണ്ട് അഖില്‍ മഹാജന്‍ അറിയിച്ചു.
മോഷ്ടിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ ഹൈദരാബാദില്‍ വെച്ച് റെഡ്ഡി തന്നെയാണ് വിറ്റതെന്നും എസ്പി പറഞ്ഞു. സജ്ജന്‍ ബസന്തിനെയും കൊണ്ട റെഡ്ഡിയെയും അറസ്റ്റ് ചെയ്‌തെങ്കിലും ഒളിവിലുള്ള അഭിജിത്തിനായി തിരച്ചില്‍ തുടരുകയാണ്. റിംസില്‍ നിന്ന് മോഷ്ടിച്ച നാല് വെന്റിലേറ്റര്‍ കൂടാതെ, നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച ഒരു വെന്റിലേറ്ററും എന്‍എസ്ടി മെഷീനും മഹാരാഷ്ട്രയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മോഷ്ടിച്ച ഒരു ഫീറ്റല്‍ മോണിറ്ററും ഡയാതെര്‍മി മെഷീനും പൊലീസ് കണ്ടെടുത്തു. പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും കാറും പിടിച്ചെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates