ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. വിചാരണക്കോടതി വിധിക്കെതിരെ സെന്‍ഗാര്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കും വരെയാണ് നടപടി. സെന്‍ഗാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്നും പെണ്‍കുട്ടിയേയോ അവളുടെ അമ്മയേയോ ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ സെന്‍ഗാര്‍ സമര്‍പ്പിച്ച അപ്പീലും പരിഗണനയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. സെന്‍ഗാറിനെ ബിജെപി പിന്നീട് പുറത്താക്കുകയായിരുന്നു.
മാഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്നു കുടുംബത്തിന്റെ പരാതി വന്ന 2017 ജൂണ്‍ നാലിനാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെണ്‍കുട്ടി പരാതി നല്‍കി. സെന്‍ഗാറിനെതിരെ കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അവളുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചു. കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates