ചെന്നൈ: ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗത്തെ വിദ്വേഷപരാമർശമോ കുറ്റകരമോ ആയി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു ഭീകരർക്കെതിരേ ഒന്നിക്കണമെന്ന് ആഹ്വാനംചെയ്തതിന് ദ്രാവിഡർ കഴകം നേതാവിന്റെ പേരിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ നിരീക്ഷണം.
അഭിഭാഷകനും ദ്രാവിഡർ കഴകം നേതാവുമായ എസ്. കുമാരദേവനെതിരേ തമിഴ്‌നാട്ടിലെ പുളിയന്തോപ്പ് പൊലീസാണ് കേസെടുത്തത്. സംഘർഷത്തിന് വഴിവെക്കുന്ന വിധത്തിൽ പ്രകോപനകരമായ പരാമർശങ്ങൾ നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുമാരദേവൻ ഹൈക്കോടതിയെ സമീപിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകീകൃത വ്യക്തിനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഹിന്ദുഭീകരരാണെന്നും ഹിന്ദു ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നുമാണ് കുമാരദേവൻ പ്രസംഗിച്ചത്. ഇതിൽ സമൂഹത്തിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ പ്രകോപന പ്രസംഗം നടത്തിയെന്നായിരുന്നു ആരോപണം.
ഹിന്ദുഭീകരതയെന്ന പ്രയോഗം അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചു. പക്ഷേ, അത്തരമൊരു പരാമർശത്തിന്റെ തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കലാപത്തിന് വഴിയൊരുക്കുന്ന പരാമർശങ്ങൾ നടത്തിയെന്നു പറഞ്ഞ് കേസെടുക്കാനാവില്ല. 2017-ൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ 2026-ൽ നിയമനടപടി തുടരുന്നതിൽ കാര്യവുമില്ലെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി ഉത്തരവിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates