ശ്രീനഗർ: 1990-ൽ കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ ഇനി വിചാരണ നേരിടാനില്ലെന്നും വേണമെങ്കിൽ തന്നെ തൂക്കിലേറ്റിക്കൊള്ളാനും നിരോധിത വിഘടനവാദി സംഘടനയായ ജെകെഎൽഎഫ് തലവൻ യാസിൻ മാലിക്. തീഹാർ ജയിലിൽ കഴിയുന്ന യാസിൻ മാലിക് തന്റെ അഭിഭാഷകൻ അബു ആദിൽ പണ്ഡിറ്റ് മുഖേന ശ്രീനഗറിലെ അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 25 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുപുറമെ, പാകിസ്താൻ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഭാര്യ മുഷാൽ ഹുസൈൻ മാലിക്കുമായുള്ള 16 വർഷം നീണ്ട ദാമ്പത്യബന്ധം വേർപെടുത്തിയതായും ഇതേ സത്യവാങ്മൂലത്തിൽ മാലിക് അറിയിച്ചു
സരള ഭട്ട് വധക്കേസിൽ ഇനി താൻ നിയമപോരാട്ടം നടത്തില്ലെന്നും തനിക്ക് വധശിക്ഷ വിധിക്കാമെന്നും മാലിക് വ്യക്തമാക്കി. എന്നാൽ തന്റെ ഈ തീരുമാനം കുറ്റം സമ്മതിക്കലായി വ്യാഖ്യാനിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും, ഇസ്ലാമിക ആചാരപ്രകാരമുള്ള 'ഇസ്തിഖാറ' പ്രാർത്ഥനകൾ നടത്തി ഏറെ ആലോചിച്ച ശേഷമാണ് ഇനി കേസ് വാദിക്കാൻ നിൽക്കേണ്ടതില്ലെന്ന അന്തിമ തീരുമാനത്തിലേക്ക് എത്തിയതെന്നും സത്യവാങ്മൂലം പറയുന്നു. 2022 മേയിൽ തീവ്രവാദ ഫണ്ടിംഗ് കേസിൽ എൻഐഎ കോടതി ശിക്ഷ വിധിച്ചപ്പോഴും സമാനമായ രീതിയിൽ വിചാരണ നേരിടാൻ മാലിക് വിസമ്മതിച്ചിരുന്നു. തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മാലിക്കിന്റെ ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന എൻഐഎയുടെ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
2009-ൽ വിവാഹിതരായ യാസിൻ മാലിക്കും മുഷാൽ ഹുസൈൻ മാലിക്കും തമ്മിലുള്ള ദാമ്പത്യമാണ് ഇപ്പോൾ അവസാനിക്കുന്നത്. ഇരുവർക്കും റസിയ സുൽത്താന എന്ന 13 വയസ്സുള്ള മകളുണ്ട്. പാകിസ്താനിലെ മുൻ കാവൽ സർക്കാരിൽ പ്രത്യേക ഉപദേശകയായി മുഷാൽ പ്രവർത്തിച്ചിരുന്നു.കഴിഞ്ഞ എട്ട് വർഷമായി ഫോണിലൂടെ സംസാരിക്കാനോ ജയിലിലെ വീഡിയോ കോൾ വഴി കാണാനോ കുടുംബവുമായി ബന്ധപ്പെടാനോ അധികൃതർ തന്നെ അനുവദിച്ചിട്ടില്ലെന്ന് മാലിക് കുറിപ്പിൽ പറയുന്നു. "ഒരു വിധവയെപ്പോലെ ഈ കഷ്ടപ്പാടുകളുടെ ഭാരവും പേറി മുഷാൽ തന്റെ ജീവിതകാലം മുഴുവൻ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കണം"—മാലിക് വ്യക്തമാക്കി.
1990 ഏപ്രിലിലാണ് ശ്രീനഗറിലെ സൗര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്ന സരള ഭട്ടിനെ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. 2025-ൽ ജമ്മു കശ്മീരിലെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി ഈ കേസ് പുനരന്വേഷിക്കാൻ തീരുമാനിക്കുകയും യാസിൻ മാലിക് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രതികളിൽ ഒരാൾ ഇപ്പോഴും ഒളിവിലാണ്; മറ്റുള്ളവർ കൊല്ലപ്പെട്ടിരുന്നു. തുടർവിചാരണ നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി കോടതിക്ക് മുന്നിൽ മാലിക് നിലപാട് വ്യക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates