India

അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമിതി ; സുപ്രിംകോടതി മുന്‍ ജഡ്ജി ഖലീഫുള്ള അധ്യക്ഷന്‍, ശ്രീ ശ്രീ രവിശങ്കര്‍ സമിതിയില്‍

ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രിംകോടതി സമിതിയെ നിയോഗിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് മൂന്നംഗ സമിതിയെ നിശ്ചയിച്ചത്. സുപ്രിംകോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുള്ളയാണ് സമിതിയുടെ അധ്യക്ഷന്‍.

ആധ്യാത്മികാചാര്യനായ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എട്ട് ആഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. 

ഫൈസാബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഉത്തർപ്രദേശ് സർക്കാരിനും കോടതി നിർദേശം നൽകി. കഴിഞ്ഞ ദിവസം കോടതി വാദം കേട്ടപ്പോള്‍ നിര്‍മ്മല്‍ അഖാഡ ഒഴിച്ചുള്ള ഹിന്ദു സംഘടനകളെല്ലാം മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്തിരുന്നു. ഇത് ഭൂമി തര്‍ക്ക കേസായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. അതേസമയം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മുസ്ലിം സംഘടനകല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

രണ്ട് സമുദായങ്ങളുടെയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചര്‍ച്ചകള്‍ക്കുള്ള സമിതിയെ പ്രഖ്യാപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തില്‍ ഒരു ശതമാനമെങ്കിലും സമവായത്തിന് സാധ്യതയുണ്ടെങ്കില്‍ ശ്രമിക്കണമെന്നാണ് നിലപാടെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചർച്ചകൾ രഹസ്യമായിട്ടായിരിക്കണമെന്നും, ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കുമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 

മധ്യസ്ഥ ചര്‍ച്ചയുടെ തീരുമാനത്തിന് നിയമപരമായ സാധുത ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. സുപ്രിംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയുടെ തീരുമാനം സുപ്രിം കോടതി അംഗീകരിച്ചാല്‍ അത് കോടതി വിധിക്ക് സമാനമാണെന്ന് വിധിയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT