India

'370 -ാം വകുപ്പ് എടുത്തുകളഞ്ഞാല്‍, ജമ്മു കശ്മീരും ഇന്ത്യയുമായുള്ള ബന്ധം അവസാനിക്കും' ; മുന്നറിയിപ്പുമായി മെഹബുബ മുഫ്തി

സംസ്ഥാനത്ത് ഭയവും അരക്ഷിതത്വവും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം അപലപനീയമാണ്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞാല്‍, അതോടെ രാജ്യവുമായുള്ള കശ്മീരിന്റെ ബന്ധം അവസാനിക്കുമെന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി വ്യക്തമാക്കി. കശ്മീരിലെ നഗര, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ -ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനമാണ് മെഹബൂബയെ പ്രകോപിപ്പിച്ചത്. 

പൗരത്വം, ജോലി തുടങ്ങിയ വിഷയങ്ങളില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എയില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും പിഡിപി അംഗീകരിക്കില്ല. കശ്മീരിന് പ്രത്യേക പദവി എന്ന ആവശ്യത്തിനായി നിരന്തര പോരാട്ടത്തിലാണ് തങ്ങള്‍. പ്രത്യേക പരിഗണന കശ്മീരികളുടെ നിലനില്‍പ്പിനും അതിജീവനത്തിനും അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്ത് ഭയവും അരക്ഷിതത്വവും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം അപലപനീയമാണ്. 

ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കും. പിഡിപി തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. ഭയാനകമായ അന്തരീക്ഷത്തിന്റെ മറവില്‍ അധികാരം പിടിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി കശ്മീരി ജനത നിരവധി അവകാശങ്ങള്‍ ഹനിക്കപ്പെട്ട് കഴിയുകയാണ്. ആര്‍ട്ടിക്കിള്‍ 35 എ എന്ന പ്രത്യേക പദവി കൂടി നഷ്ടമായാല്‍ സഹിക്കാനാകില്ല. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം നിലനില്‍ക്കുന്നത് തന്നെ 370-ാം വകുപ്പ് പ്രകാരമാണ്. ഇതില്ലാതായാല്‍ ഇന്ത്യയുമായി ബന്ധവുമില്ല. മെഹബൂബ വ്യക്തമാക്കി. 

വനിതാ അവകാശത്തിന്റെ പേരിലോ, അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ പേരിലോ ആര്‍ട്ടിക്കിള്‍ 35 എയില്‍ വെള്ളം ചേര്‍ത്താല്‍, ഭരണത്തില്‍ നിന്നും പിന്മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും മെഹബൂബ പറഞ്ഞു. ഭരണഘടനാ പദവി സംബന്ധിച്ച് ഗവര്‍ണര്‍ ആദ്യം വ്യക്തത വരുത്തണം. പിന്നീടാകാം തദ്ദേശ തെരഞ്ഞെടുപ്പ്. മെഹബൂബ ആവശ്യപ്പെട്ടു. 

ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലായി നഗര-തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് രാജ്ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. നഗര ഭരണ സ്ഥാപനങ്ങളിലേക്ക് നാലു ഘട്ടമായും, ലോക്കല്‍ ബോഡിയിലേക്ക് എട്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. കശ്മീരിന്റെ ഭരണഘടനാ പദവി സംബന്ധിച്ച് വ്യക്തത വരുത്താത്ത സാഹചര്യത്തില്‍, തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷകരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ബിജെപി നേതാവ് സത്യപാല്‍ മാലിക്കിനെ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായി നിയമിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT