India

ഉന്നാവ് പീഡനം : ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് സിബിഐ ; പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍ 

ബംഗാര്‍മൊവിലെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ :  ഉന്നാവ് കൂട്ട ബലാല്‍സംഗത്തില്‍ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് സിബിഐ സ്ഥിരീകരിച്ചു. ബംഗാര്‍മൊവിലെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചു. സെന്‍ഗര്‍ തന്റെ വീട്ടില്‍വച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് എംഎല്‍എയുടെ വനിതാ സഹായി ശശി സിഗാണ് പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിക്കുന്നത്. എംഎല്‍എ പീഡിപ്പിക്കുമ്പോള്‍ ശശി സിംഗ് പുറത്ത് കാവല്‍ നിന്നെന്നും സിബിഐ കണ്ടെത്തി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. 

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസ് ബിജെപി എംഎല്‍എ അടക്കമുള്ള പ്രമുഖരെ രക്ഷിക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം അവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നത് പൊലീസ് വൈകിപ്പിച്ചു. വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതില്‍ വീഴ്ച കാട്ടി. പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു ഇതെന്ന നിഗമനത്തിലാണ് സിബിഐ. 

എംഎല്‍എക്കെതിരെയും അദ്ദേഹത്തിന്റെ സഹായി ശശി സിങിനുമെതിരെ പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തിരുന്നെങ്കിലും ആദ്യ എഫ്.ഐ.ആറില്‍ എംഎല്‍എയുടെ പേര് പോലീസ് ഉള്‍പ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ആദ്യത്തെ പീഡനം പുറത്തു പറയാതിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 11 ന് ശുഭം ഗില്‍, അവധ് നാരായണ്‍, ബ്രിജേഷ് യാദവ് എന്നിവര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി. എട്ടുദിവസത്തോളം വാഹനത്തില്‍ തടങ്കലില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും സിബിഐ കണ്ടെത്തി. 

പെണ്‍കുട്ടി പരാതിയുമായെത്തിയപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും പൊലീസ് വിമുഖത കാട്ടി. വീണ്ടും പരാതികള്‍ ഉയര്‍ന്നപ്പോള്‍ സെന്‍ഗര്‍, ശശി സിങ് എന്നിവരെ ഒഴിവാക്കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശുഭം ഗില്‍, അവധ് നാരായണ്‍, ബ്രിജേഷ് യാദവ് എന്നിവര്‍ മാത്രമായിരുന്നു കേസിലെ പ്രതികള്‍. എംഎല്‍എ അടക്കമുള്ള പ്രമുഖരെ രക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റ്, എസ്എച്ച്ഒ, നാലു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ പൊലീസ് സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ ഇവരുടെ പങ്കും അന്വേഷിച്ചുവരികയാണ്. 

എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്ന പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കസ്റ്റഡി മര്‍ദനത്തില്‍ ഇയാള്‍ മരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. കേസില്‍ പൊലീസ് എംഎല്‍എയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായതോടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേസ് സിബിഐയെ ഏല്‍പ്പിക്കുന്നത്. ഏപ്രില്‍ 13 നും 14നുമാണ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍, ശശി സിങ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ ഇതിലുണ്ട്', ഫോണ്‍ ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാറ്റേണ്‍ വരച്ചുവെച്ചു; കലാധരന്റെ ആത്മഹത്യാകുറിപ്പ്

34 പന്തില്‍ 69 നോട്ടൗട്ട്; ഷെഫാലിയുടെ മിന്നലടിയില്‍ അനായാസം ഇന്ത്യ; തുടരെ രണ്ടാം ജയം

ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം; ഒപ്പം ബഷീറും ഇംഎംഎസും കെ ആര്‍ നാരായണനും

കാറുമായി കൂട്ടിയിടിച്ചു; മട്ടന്നൂരിൽ സ്‌കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും ദാരുണാന്ത്യം

റോഡരികില്‍ ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി

SCROLL FOR NEXT