അഹമ്മദാബാദ്: ലെയ്സ് തയാറാക്കുന്ന പ്രത്യേകയിനം ഉരുളക്കിഴങ്ങായ എഫ്സി-5 നിയമവിരുദ്ധമായി കൃഷിചെയ്തെന്നാരോപിച്ച് ഗുജറാത്തിലെ നാല് കർഷകർക്കെതിരെ കേസ് കൊടുത്ത പെപ്സിക്കോ ഒത്തുതീർപ്പിന്. ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് കൈമാറിയാൽ കർഷകരെ കേസിൽനിന്ന് ഒഴിവാക്കാമെന്നാണ് കർഷകരോട് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ തങ്ങളുടെ വിത്ത് കർഷകർ വാങ്ങുകയും ഉദ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് തങ്ങൾക്കു തന്നെ വിൽക്കുകയും ചെയ്യണമെന്നാണ് കമ്പനിയുടെ ആവശ്യം. കർഷകർക്കെതിരെ കേസുകൊടുത്ത കമ്പനി ഓരോരുത്തരോടും 1.05 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നാണ് കമ്പനിയുടെ നിലപാട്.
അഹമ്മദാബാദിലെ കോടതി കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കമ്പനി ഒത്തുതീർപ്പ് ഫോർമുലയുമായി രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് ആലോചിച്ച ശേഷം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മറുപടി നൽകാമെന്ന് കർഷകരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഒരു വർഷത്തിനിടെ ഒൻപത് കർഷകർക്കെതിരേ പെപ്സികോ കേസ് നൽകിയിട്ടുണ്ടെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. കേസിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലും പുറത്തും കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ അഞ്ച് കർഷകർക്കെതിരെയും കമ്പനി സമാനകേസ് കൊടുത്തിട്ടുണ്ട്. മഡോസയിലെ ജില്ലാ കോടതിയിൽ ഓരോ കർഷകരും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പെപ്സികോ കേസുകൊടുത്തത്. കമ്പനിയുമായി ബന്ധപ്പെട്ട കർഷകരുടെ താൽപര്യം സംരക്ഷിക്കാനാണ് കേസെടുകൊടുത്തതെന്നാണ് പെപ്സികോയുടെ അവകാശവാദം.
2009ൽ ഇന്ത്യയിലാണ് ഈ വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്യുന്നത്. പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് പെപ്സികോ കമ്പനി ഇതിന്റെ ഉത്പാദനം തുടങ്ങിയത്. കമ്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്നു വിത്തു വിതരണം ചെയ്തിരുന്നത്. ഇതു പിന്നീടു ഗുജറാത്തിലേക്കും എത്തുകയും കർഷകർ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് കർഷകർ ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണു കമ്പനി നിയമനടപടി സ്വീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates