ലഖ്നൗ: കാമുകിമാരെ സന്തോഷിപ്പിക്കാനും അവർക്ക് സമ്മാനങ്ങൾ നൽകാനും അവർക്കൊപ്പം ആഡംബരമായി ജീവിക്കാനുമായി മോഷണം പതിവാക്കിയ യുവാക്കളായ നാല് പേർ പിടിയിൽ. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശികളായ കിങ് എന്ന് വിളിക്കുന്ന ഹരിഓം, മിന്റുകുമാർ, ശ്യാം സിങ്, തനൂജ് പണ്ഡിറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് രണ്ട് ആഡംബര ബൈക്കുകളും 17 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു. എല്ലാവരും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ നിന്നുള്ളവരാണ്.
ബിടിസി (പ്രൈമറി അധ്യാപക പരിശീലന കോഴ്സ്) വിദ്യാർഥിയായ ഹരിഓം ആണ് സംഘത്തിന്റെ തലവൻ. ബാക്കിയുള്ളവർ എംബിഎ വിദ്യാർഥിയും ജിംനേഷ്യം ഉടമയും അരിമില്ലിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ഒരു വർഷമായി അമ്പതിലേറെ കവർച്ചകൾ ഇവർ നടത്തിയിട്ടുണ്ട്. എന്നാൽ യുവാക്കളെ പിടികൂടിയപ്പോഴാണ് കുടുംബാംഗങ്ങൾ പോലും ഇക്കാര്യമറിയുന്നത്.
പിലിഭിത്ത് സ്വദേശികളായ പ്രതികൾ ജില്ലാ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കവർച്ച നടത്താറുള്ളത്. സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുമെല്ലാം കവർന്ന് ആഡംബര ബൈക്കിൽ കടന്നുകളയുന്നതാണ് രീതി. കഴിഞ്ഞ ദിവസം ഷാജഹാൻപുരിൽ ഇത്തരത്തിൽ കവർച്ച നടത്തി മടങ്ങുന്നതിനിടെയാണ് രണ്ട് പേരെ പൊലീസ് പിടികൂടിയത്. പിന്നാലെ മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കാമുകിമാർക്കൊപ്പം അടിച്ചുപൊളിക്കാനും അവർക്ക് വേണ്ട ചിലവിനുമാണ് കവർച്ച നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കുകളിൽ ഒന്ന് മോഷ്ടിച്ചതാണ്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ കൂടുതൽ മോഷണ മുതലുകൾ വീണ്ടെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates