India

കര്‍ണാടക: കോണ്‍ഗ്രസ് സഖ്യം കാത്ത് സിപിഐ, ആരുമായും സഖ്യമില്ലാതെ സിപിഎം

കര്‍ണാടക: കോണ്‍ഗ്രസ് സഖ്യം കാത്ത് സിപിഐ, ആരുമായും സഖ്യമില്ലാതെ സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ സിപിഐ. സഖ്യത്തില്‍ താത്പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് കത്തെഴുതി കാത്തിരിക്കുകയാണ് സിപിഐ. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നുമാണ് സിപിഎം നിലപാട്.

ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനു ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സിദ്ധന ഗൗഡ പാട്ടീല്‍ പറഞ്ഞു. സഖ്യത്തില്‍ താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ജി പരമേശ്വരയ്ക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പാട്ടീല്‍ അറിയിച്ചു.

കര്‍ണാടകയില്‍ നാലു സീറ്റില്‍ മത്സരിക്കാനാണ് സിപിഐ ഉദ്ദേശിക്കുന്നത്. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസുമായി സഖ്യം വന്നാല്‍ വേണ്ടിവന്നാല്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയാറാണെന്ന് പാട്ടീല്‍ അറിയിച്ചു. സഖ്യമില്ലെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യം വേണ്ടെന്ന നിലപാടിലാണ് സിപിഎം. 26 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതിനേക്കാള്‍ കൂടുതലാണിത്. ഇരുപത്തിയാറു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തിയതായി സിപിഎം സംസ്ഥാന സെക്രട്ടറി ജിവി ശ്രീറാം റെഡ്ഡി പറഞ്ഞു. ദക്ഷിണ കന്നഡയില്‍ നാലും ബംഗളൂരു നോര്‍ത്ത്, സൗത്ത് , കോലാര്‍, ബെല്ലാരി എ്ന്നിവിടങ്ങളില്‍ മൂന്നും സ്ഥാനാര്‍ഥികളെ വീതമാവും സിപിഎം നിര്‍ത്തുക.

നേരത്തെ ജനതാ ദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍ ഉള്‍പ്പെടെ ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ നീക്കം അലസുകയായിരുന്നു.

1985 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭയിലേക്കു സ്വന്തം സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ സിപിഐക്കും സിപിഎമ്മിനും കഴിഞ്ഞിരുന്നെങ്കിലും പിന്നീടിങ്ങോട്ട് ഇരുപാര്‍ട്ടികളുടെയും വോട്ടുവിഹിതം തീര്‍ത്തും കുറഞ്ഞു. ഒരു ശതമാനത്തിലും താഴെയാണ് നിലവില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും വോട്ടുവിഹിതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍