India

കലാപത്തിന് ഇടയില്‍ ഹിന്ദു യുവതിക്ക് പേറ്റുനോവ്, കര്‍ഫ്യൂ ലംഘിച്ച് ഓട്ടോയില്‍ പാഞ്ഞ് മുസ്ലീം യുവാവ്; കയ്യടി

വാഹനങ്ങള്‍പോലും നിരോധിച്ചുകൊണ്ടുള്ള കര്‍ഫ്യൂവാണ് ഹൈലകണ്ടിയില്‍ പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി; സാമുദായിക സംഘര്‍ഷങ്ങളുടെ പേരില്‍ രണ്ട് ദിവസം മുന്‍പാണ് അസാമിലെ ഹൈലകണ്ടി നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ അവിടെനിന്ന് കേള്‍ക്കുന്നത് മതസൗഹാര്‍ദത്തിന്റെ വാര്‍ത്തകളാണ്. പൂര്‍ണ ഗര്‍ഭിണിയായ ഹിന്ദു യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മുസ്ലീമായ ഓട്ടോഡ്രൈവര്‍ നടത്തിയ സാഹസമാണ് രാജ്യത്തിന് തന്നെ മാതൃകയാകുന്നത്. പ്രസവത്തിന് മുന്‍പ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനായി ഡ്രൈവര്‍ കര്‍ഫ്യൂ ലംഘിക്കുകയായിരുന്നു. 

വാഹനങ്ങള്‍പോലും നിരോധിച്ചുകൊണ്ടുള്ള കര്‍ഫ്യൂവാണ് ഹൈലകണ്ടിയില്‍ പ്രഖ്യാപിച്ചത്. ഇതിനിടെയാണ് പ്രദേശവാസിയായ നന്ദിതയ്ക്ക് പേറ്റുനോവ് ഉണ്ടായത്. ഭര്‍ത്താവ് റുബോണ്‍ ദാസ് ഭാര്യയെ എങ്ങിനെ ആശുപത്രിയിലെത്തിക്കുമെന്ന് വിഷമിച്ച് നില്‍ക്കുമ്പോഴാണ് സഹായവുമായി അയല്‍വാസി മഖ്ബൂല്‍ വന്നത്. എന്തുവന്നാലും നന്ദിതയെ ആശുപത്രിയില്‍ എത്തിക്കുമെന്ന ഉറപ്പിലാണ് മഖ്ബൂല്‍ ഓട്ടോയില്‍ പാഞ്ഞത്. 

സംഭവം പുറത്തുവന്നതോടെ മഖ്ബൂലിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. മതത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ തല്ലുന്ന കാലത്ത് ഇത്തരം സംഭവങ്ങള്‍ മാതൃകാപരം എന്നാണ് എല്ലാവരും വിലയിരുത്തുന്നത്. കര്‍ഫ്യൂ ലംഘിച്ചെങ്കിലും മഖാബൂലിന് പൊലീസില്‍ നിന്നുവരെ പ്രശംസ എത്തി. നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദര്‍ശിച്ച ജില്ല പൊലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സ്‌നേഹത്തോടെ കഴിയുന്ന ഇത്തരം കഥകളാണ് നാട് കേള്‍ക്കേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു.

ബന്ധുക്കള്‍ പോലും ധൈര്യപ്പെടാതിരുന്നപ്പോഴാണ് മഖ്ബൂല്‍ തന്റെ ജീവന്‍ പണയം വെച്ച് വണ്ടിയുമായി ഇറങ്ങിയത്. മതസൗഹാര്‍ദത്തില്‍ നിന്നുണ്ടായ കുഞ്ഞിന് ശാന്തി എന്നാണ് പേര് നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT