ന്യൂഡൽഹി: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അരി സൗജന്യമായി തന്നെ നൽകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ. അരിക്ക് പണം ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആശ്വാസ സഹായമായി 500 അനുവദിച്ചതിന് പിന്നാലെ 223 കോടി രൂപ ഈടാക്കുന്ന വിധത്തിൽ കേന്ദ്ര ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് വൈകിട്ടോടെ പണം ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.
കേന്ദ്ര സഹായമായി ഒരു ലക്ഷം മെട്രിക് ടൺ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചത് 89,549 മെട്രിക് ടൺ അരിയായിരുന്നു. കേന്ദ്ര സഹായം കാരണം സംസ്ഥാനത്ത് അരി വില ഉയരില്ലെന്ന നേട്ടം കൂടി സംസ്ഥാന സർക്കാർ മുന്നിൽ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ഉത്തരവ് വന്നത്.
നേരത്തെ അരി വിലയും ഗതാഗത ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇപ്പോൾ പണം നൽകേണ്ടതില്ലെങ്കിലും പിന്നീട് പണം നൽകണമെന്നും അല്ലാത്ത പക്ഷം കേരളത്തിന് അനുവദിച്ച വിഹിതത്തിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നും ഭക്ഷ്യ വകുപ്പ് സെക്രട്ടറിക്കു ലഭിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ വിവരം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അദ്ദേഹം ഇക്കാര്യം ഉടൻ തന്നെ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് അരി സൗജന്യമായി നൽകുമെന്ന് മന്ത്രി അറിയിച്ചത്.
അതേസമയം, കേരളത്തിന് 500 കോടി പ്രഖ്യാപിച്ചത് ഇടക്കാലാശ്വാസം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനം വിശദമായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നും അതിന് ശേഷം കൂടുതൽ തുക നൽകുന്നത് ആലോചിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. അടിയന്തര സഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. കൂടാതെ പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates