ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഗ്രൂപ്പു വഴക്കു രൂക്ഷമായ മൂന്നു സംസ്ഥാന ഘടകങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഒരുങ്ങുന്നതായി സൂചന. ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടക പിസിസികളില്‍ സമൂലമായ മാറ്റം ഉടനുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടി സംഘടനാ സംവിധാനം ദുര്‍ബലമായ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം സോണിയ പിസിസി അഴിച്ചുപണിതിരുന്നു. രാജ് ബബ്ബാറിനു പകരം അജയ്കുമാര്‍ ലല്ലുവിനെ പ്രസിഡന്റ് ആയി നിയമിച്ച സോണിയ വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലും പുതിയ മുഖങ്ങളെ കൊണ്ടുവന്നു. സമാനമായ മാറ്റം മറ്റു മൂന്നു പിസിസികളിലും ഒരുങ്ങുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ഷീലാ ദീക്ഷിതിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന ഡല്‍ഹിയില്‍ ഈയാഴ്ച തന്നെ പുതിയ പിസിസി പ്രസിഡന്റിനെ നിയമിക്കുമെന്നാണ് സൂചനകള്‍. ദലിത് നേതാവ് രാജേഷ് ലിലോതിയ, സന്ദീപ് ദീക്ഷിത്, നവ്‌ജ്യോത് സിങ് സിദ്ദു എന്നിവരുടെ പേരുകളാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും നേതൃത്വത്തില്‍ പുതിയ മുഖം വരാനുള്ള സാധ്യതയും അവര്‍ തള്ളുന്നില്ല. നേരത്തെ ഡല്‍ഹിയിലെ നിയമനങ്ങളും പാര്‍ട്ടി സഖ്യസാധ്യതകളും സംബന്ധിച്ച് ഷീലാ ദീക്ഷിത്തും സംസ്ഥാനത്തിന്റെ ചുമതലയുള്ള പിസി ചാക്കോയും തമ്മില്‍ ഭിന്നത നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്നു ദുര്‍ബലമായ സംവിധാനം പൂര്‍ണമായും അഴിച്ചുപണിയാനാണ് സോണിയ ഒരുങ്ങുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ നട്ടംതിരിയുകയാണ്. ഇതില്‍ മധ്യപ്രദേശില്‍ സോണിയയുടെ ഇടപെടല്‍ അടിയന്തരമായി ഉണ്ടായേക്കും. ജ്യോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിങ്ങുമാണ് ഇവിടെ കോണ്‍ഗ്രസിനെ രണ്ടു ധ്രുവങ്ങളില്‍ എത്തിച്ചിരിക്കുന്നത്. നിലവില്‍ പിസിസി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രിപദവും കമല്‍നാഥ് ആണ് വഹിക്കുന്നത്. പിസിസി അധ്യക്ഷ സ്ഥാനത്തുന്ന് കമല്‍നാഥിനെ മാറ്റുമെന്നാണ് സൂചനകള്‍.
കര്‍ണാടകയില്‍ പാര്‍ട്ടി അഴിച്ചുപണി സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി സംസ്ഥാന നേതാക്കളുമായി പല വട്ടം ചര്‍ച്ചകള്‍ നടത്തി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ മന്ത്രി എച്ചകെ പാട്ടീലും സ്വന്തം ഗ്രൂപ്പിന് കൂടുതല്‍ പദവികള്‍ കിട്ടുന്നതിനുള്ള ചരടുവലികളിലാണ്. ഇവിടെയും സോണിയ കടുത്ത നടപടികളുമായി ഇടപെട്ടേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates