ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള മരുന്നിന്റെ കയറ്റുമതി നിരോധനം ഭാഗികമായി പിന്‍വലിച്ച് ഇന്ത്യ. മരുന്ന് കയറ്റുമതി നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് നിരോധനത്തിന് ഇളവ് വരുത്തിയിരിക്കുന്നത്.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധനമാണ് ഭാഗികമായി പിന്‍വലിച്ചിരിക്കുന്നത്.
കോവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
'എല്ലാ ഉത്തരവാദിത്തമുള്ള സര്‍ക്കാരുകളേയും പോലെ ഞങ്ങളുടെ ജനതയ്ക്ക് ആവശ്യമായ മരുന്ന് ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക പരിഗണന. ഇതിനോടൊപ്പം, താത്കാലികമായി ചുരങ്ങിയ അളവില്‍ മരുന്നുകള്‍ കയറ്റുമതി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും'- അദ്ദേഹം വ്യക്തമാക്കി.
പതിനാല് വിഭാഗം മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിക്കാനുള്ള നിര്‍ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രെയ്ഡ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. പാരസെറ്റാമോള്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
കോവിഡ് രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തോട് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
'ഞായറാഴ്ച ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ',- തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞു.
മരുന്നുകളുടെയും മറ്റ് കോവിഡ് ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 25ന് നിരോധിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മരുന്നുകളുടെ കയറ്റുമതി നിരോധിച്ചത്.
അമേരിക്കയില്‍ ഇതിനോടകം 3.66ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് മരണങ്ങള്‍ 10000 കടന്ന സാഹചര്യത്തിലാണ് ട്രംപ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പല രോഗികളിലും ഫലപ്രദമായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates